മണ്ടൂര്‍ പള്ളിക്ക് മുന്‍വശം ദാരുണ അപകടം; സിമന്റ് ബള്‍ക്കര്‍ തടിലോറിയില്‍ ഇടിച്ച് തീപിടുത്തം, രണ്ട് മരണം

പിലാത്തറ: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ പള്ളിക്ക് മുന്‍വശം പുലര്‍ച്ചെയുണ്ടായ ദാരുണ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

കാഞ്ഞങ്ങാട് ഭാരത്‌ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി എബനൈസര്‍ ആന്റോ(24), ട്രെയിനി പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍(22) എന്നിവരാണ് മരിച്ചത്.

ഷെബിന്‍ നാല് ദിവസം മുമ്പ് മാത്രമാണ് ജോലിക്കെത്തിയത്.

റോഡരികില്‍ തകരാറിലായി നിര്‍ത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയില്‍ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബള്‍ക്കര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ തീപിടുത്തമുണ്ടായി വാഹനം പൂര്‍ണമായും കത്തിനശിച്ചു. 

തടികയറ്റിയ ലോറി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഭാരത് ബെന്‍സിന്റെ മെക്കാനിക്കുമാര്‍ വാഹനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ഏകദേശം 50 ടണ്‍ സിമന്റ് കയറ്റിവന്ന കോണ്‍ക്രീറ്റ് സിമന്റ് ബള്‍ക്കര്‍ നിയന്ത്രണം വിട്ട് തടിലോറിയില്‍ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്നമുഹമ്മദ് ഷെബിന്‍ റോഡിലേക്ക് തെറിച്ചുവീണു.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇയാള്‍ പിന്നീട് മരണപ്പെട്ടു.

ലോറിയില്‍ കുടുങ്ങിക്കിടന്ന എബനൈസര്‍ ആന്റോയുടെ മൃതദേഹം തീപിടുത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് കാറിനും കേടുപാടുകള്‍ സംഭവിച്ചു.

വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

അതിവേഗം പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയില്‍ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, പി.പി.രാഹുല്‍, യു.കെ.ലിജീഷ്, എസ്.ജിഷ്ണു, സുര്‍ജിത്ത് യദുലാല്‍, ജിഷ്ണു ദേവ് എന്നിവരും ഹോംഗാര്‍ഡുമാരായ ദിനേശന്‍, കെ.എം.ഗോവിന്ദന്‍, ശ്രീജേഷ് എന്നിവരും പങ്കെടുത്തു.