ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവിനെ അപമാനിക്കുന്നു, ഹിപ്പോക്രാറ്റസ് പ്രതിമക്ക് അവഗണന

 

പരിയാരം: സ്റ്റെതസ്‌കോപ്പേന്തുന്ന കൈകള്‍കൊണ്ട് ഡോക്ടര്‍ നിര്‍മ്മിച്ചുനല്‍കിയ ലോകത്തിലെ ഏക ഹിപ്പോക്രാറ്റസ് ശില്‍പ്പത്തിന് അവഗണന.

പ്രതിമ സ്ഥാപിച്ച സ്ഥലത്ത് പൂന്തോട്ടവും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ഒരുക്കുമെന്നും വൈദ്യുതിദീപങ്ങള്‍ സ്ഥാപിച്ച് മനോഹരമായ കാഴ്ച്ചയാക്കുമെന്നും ബന്ധപ്പെട്ടര്‍ ഉദ്ഘാടന ദിവസം ഉറപ്പുനല്‍കിയിരുന്നു.

എന്നാലിപ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ് ഹിപ്പോക്രാറ്റസ് പ്രതിമ.

കുറച്ച് ചെടികള്‍ അലക്ഷ്യമായി നട്ടിട്ടുണ്ടെങ്കിലും കാര്യമായ പരിചരണമില്ല.

പുല്‍ത്തകിടി സ്ഥാപിച്ചില്ലെന്ന് മാത്രമല്ല, ഇവിടെ കല്ലുകൊണ്ട് കെട്ടിയ ഇരിപ്പിടം തകര്‍ന്ന നിലയിലുമാണ്.

ആരാലും ശ്രദ്ധിക്കപ്പെടാത്ത നിലയിലാണ് ഇപ്പോള്‍ ഹിപ്പോക്രാറ്റസ് പ്രതിമ. 

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ചിറക്കല്‍ സ്വദേശി ഡോ.കെ.രമേശന്‍ പണിതുനല്‍കിയ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ അര്‍ദ്ധകായ പ്രതിമയാണ് കടുത്ത അവഗണനയിലായത്.

2024 മാര്‍ച്ച് 16-ന് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് ഇത് അനാഛാദനം ചെയ്തത്.

കഴിഞ്ഞ 31 വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തുവരുന്ന ഡോ.രമേശന്‍ 1995-ല്‍ ട്യൂട്ടര്‍ തസ്തികയിലാണ് ജോലിക്ക് ചേര്‍ന്നത്.

സ്‌ക്കൂള്‍ യുവജനോല്‍സവങ്ങളില്‍ ക്ലേമോഡലിംഗിലും ചിത്രരചനമല്‍സരങ്ങളിലും പങ്കെടുത്തിരുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തം കൈകളാല്‍ നിര്‍മ്മിച്ച ഹിപ്പോക്രാറ്റസിന്റെ പ്രതിമ താന്‍ വിരമിച്ചാലും ഓര്‍മിക്കപ്പെടുന്ന വിധത്തില്‍ കാമ്പസില്‍ സ്ഥാപിക്കണമെന്നത്.

ഇതിനുവേണ്ടി പ്രശസ്ത ശില്‍പ്പി കെ.കെ.ആര്‍.വെങ്ങരയുടെ ശിഷ്യനായി പ്രവര്‍ത്തിച്ച അനുഭവപരിചയവുമായാണ് 2023 ഫെബ്രുവരി 16 ന് ഹിപ്പോക്രാറ്റസിന്റെ ശില്‍പം പണിയാന്‍ ആരംഭിച്ചത്.

സ്വന്തം കയ്യില്‍ നിന്നെടുത്ത മൂന്നരലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

രണ്ടാഴ്ച അവധിയെടുത്ത് തുടര്‍ച്ചയായും പിന്നീട് ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തിയും രണ്ടു മാസം കൊണ്ടാണ് ഡോക്ടര്‍ ശില്‍പം പൂര്‍ത്തിയാകുന്നത്.

പണി പൂര്‍ത്തിയാക്കിയെങ്കിലും പ്രമുഖശില്‍പ്പി കാനായി കുഞ്ഞിരാമനെ കൊണ്ട് തന്നെ ഇത് ഉദ്ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹം കാരണം അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് 2024 ല്‍ പ്രതിമ അനാച്ഛാദനം ചെയ്തത്.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതിയോടെ ദന്തല്‍ കോളജിന് മുന്നിലായി എല്ലാവരുടെയും ശ്രദ്ധ പതിയുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചതെങ്കിലും ഹിപ്പോക്രാറ്റസിനോട് ഈ കടുംകൈ ചെയ്യേണ്ടിയിരുന്നോ എന്ന് ആരും ചോദിക്കുന്ന സ്ഥിതിയാണിപ്പോള്‍.