മകരസംക്രമ ദീപജ്വലനവും രുദ്രപൂജയും ഭജന സന്ധ്യയും

തളിപ്പറമ്പ്: ഭാരതം മുഴുവന്‍ മകര സംക്രമ ദിവസമായ നാളെ പുണ്യം പൂങ്കാവനം ദിനമായി ആചരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വിവിധ പരിപാടികളോടെ ഇത് വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചു.

അതിന്റെ ഭാഗമായി പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഇലഞ്ഞിമരം നടല്‍, മകരദീപജ്വലനം, നിറമാല, രുദ്രപൂജ (ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഹാളില്‍ വെച്ച് ), പൂജക്ക് ശേഷം ഭജനയില്‍ പ്രാവിണ്യം തെളിയിച്ച കലാകാരന്മാര്‍ നയിക്കുന്ന ഭജന സന്ധ്യ, മഹാപ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയും ഉണ്ടാവും.

സ്ഫടിക രൂപത്തിലുള്ള ശിവലിംഗത്തില്‍ വേദ മന്ത്രോച്ചാരണങ്ങളോടെ നെയ്യ്, തേന്‍,പാല്‍ തൈര് മുതലായവയാല്‍ അര്‍ച്ചന ചെയ്ത് നമ്മുടെ സ്‌നേഹവും കൃതജ്ഞതയും ഭഗവാനെ അറിയിക്കുകയാണ് ചെയ്യുന്നത്.

വേദ വിജ്ഞാന്‍ മഹാവിദ്യാപീഠം (ആര്‍ട്ട് ഓഫ് ലിവിംഗ് ) ബംഗളൂരു ആശ്രമത്തിലുള്ള സ്വാമി അദ്വൈതാനന്ദജിയും ആശ്രമം പണ്ഡിതന്മാരുമാണ് രുദ്രപൂജ അനുഷ്ഠിക്കുന്നത്. വേദമന്ത്രങ്ങള്‍ ചൊല്ലുന്നത് തീര്‍ത്തും ശാന്തവും നിര്‍മ്മലവുമായതുമാണ്.

ഈ പൂജ നമ്മെ ശാന്തിയുടെ, ഭക്തിയുടെ മറ്റൊരു ലോകത്തേക്കെത്തിക്കും എന്നതില്‍ സംശയമില്ല.

ഏവരും പരിപാടിയില്‍ പങ്കെടുത്ത് ദേവപ്രീതിക്ക് പാത്രീഭൂതരാവണമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി മണികണ്ഠന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധര വാര്യര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.