കൈതപ്രത്തിന്റെ മഹാവ്യക്തിത്വങ്ങള്‍-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര(ഭാഗം-ആറ്)-
കൈതപ്രം പ്രദേശത്തിന്റെ ഖ്യാതി ലോകസമക്ഷം അറിയിച്ച രണ്ട് മഹാവ്യക്തിത്വങ്ങളെക്കുറിച്ചാണ് ഈ ലക്കത്തില്‍ പറയുന്നത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം വിശ്വനാഥനുമൊക്കെ പ്രശസ്തരാകുന്നതിന് മുമ്പേതന്നെ
ഈ ദേവഭൂമിയുടെ പ്രശസ്തി ലോകസമക്ഷം അറിയിച്ച ഭാഗവതാചാര്യന്‍ കൊമ്പങ്കുളം ഈശ്വരന്‍ നമ്പൂതിരിയേയും ജ്യോതിഷഗുരു കാനപ്രം നാരായണന്‍ നമ്പൂതിരിയേയും പരിചയപ്പെടാം-
ഭാഗവതാചാര്യന്‍ കൊമ്പങ്കുളം ഈശ്വരന്‍ നമ്പൂതിരി-
അറുപത് വര്‍ഷത്തിലധികമായി ആയിരത്തിലധികം ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടത്തി കൈതപ്രം ഗ്രാമത്തിന്റെ ദേവചൈതന്യം ഭാരതമാകെ എത്തിച്ച പ്രശസ്തനാണ് കൊമ്പങ്കുളം ഈശ്വരന്‍ നമ്പൂതിരി.
2010 സെപ്തംബറില്‍ 84-ാം വയസിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ വ്യാകരണം പ്രഫസര്‍ വിഷ്ണുനമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ഈശ്വരന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി, രോഹിണി, രാധ, സീത എന്നിവര്‍ മക്കളാണ്.
കണ്ണന്‍ കളിച്ചുല്ലസിച്ച് നടന്ന വൃന്ദാവനം തൊട്ട് ഇങ്ങ് ഗുരുവായൂരെ കണ്ണന്റെ സന്നിധിയില്‍ വരെ ഭാഗവത സപ്താഹങ്ങള്‍ നടത്തിയിട്ടുണ്ട്.
കൈതപ്രം ഗ്രാമത്തിന്റെ പേര് പുറംലോകത്ത് കൃഷ്ണസ്തുതികളിലൂടെ എത്തിച്ച ഇദ്ദേഹത്തെ കൈതപ്രം ഗ്രാമത്തിന് മാത്രമല്ല, ഒരിക്കല്‍ ഇദ്ദേഹത്തിന്റെ ഭാഗവതസപ്താഹം ശ്രവിച്ച ആര്‍ക്കും മറക്കാന്‍ കഴിയില്ല.
ഏഴു പകലുകളിലായി ശ്രീകൃഷ്ണ സ്തുതികള്‍ ചൊല്ലിയും കഥപറഞ്ഞും കേള്‍വിക്കാരെ ഭക്തിയുടെ പാരമത്യത്തിലെത്തിക്കുകയാണ് ഭാഗവത സപ്താഹയജ്ഞങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
കലിയുഗത്തില്‍ മോക്ഷ പ്രാപ്തിക്കുള്ള ഏകമാര്‍ഗ്ഗം ഭാഗവത സപ്താഹയജ്ഞങ്ങളാണെന്നാണ് വിശ്വാസം.
മുംബൈയിലും സേലത്തുമടക്കം ആയിരക്കണക്കിന് വേദികളില്‍ ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടത്തിയിരുന്ന കൊമ്പന്‍കുളം ഈശ്വരന്‍ നമ്പൂതിരി മോക്ഷപ്രാപ്തി നേടിയിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ച.
ജ്യോതിഷഗുരു കാനപ്രം നാരായണന്‍ നമ്പൂതിരി-
കൈതപ്രം ഗ്രാമത്തിലെ ബഹുമുഖ പ്രതിഭയാണ് അന്തരിച്ച കാനപ്രം നാരായണന്‍ നമ്പൂതിരി.
സംസ്‌കൃത പണ്ഡിതന്‍, ജ്യോതിഷാചാര്യന്‍, തന്ത്രവിദ്യാവിശാരദന്‍ എന്നീ നിലകളില്‍ പ്രസ്തനായിരുന്ന അദ്ദേഹം വലിയൊരു പുസ്തക ശേഖരത്തിനുടമയായിരുന്നു.
1922 ല്‍ ജനിച്ച അദ്ദേഹം മൂന്നുവര്‍ഷം മുമ്പാണ് മരണപ്പെട്ടത്. സംസ്‌കൃതം, കൃഷ്ണയജുര്‍വ്വേദം, സംഹിത, പദപാഠം, ബാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവ പിതാവ് ഈശ്വാരന്‍ നമ്പൂതിരിയില്‍ നിന്നാണ് കാനപ്രം നാരായണന്‍ നമ്പൂതിരി പഠിച്ചെടുത്തത്.
ജ്യോതിഷം, തന്ത്രസമുച്ചയം, പൂര്‍വ്വ ഷോഡശക്രിയ, അപരഷോഡശക്രിയ, ശില്‍പശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന കാനപ്രം കൈതപ്രം ഗ്രാമത്തിന്റെ പ്രസിദ്ധി പുറം ലോകത്തുമെത്തിച്ചു.
കൊല്ലവര്‍ഷം 1123 മുതല്‍ ദേശമിത്ര പഞ്ചാംഗം ഗണിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
ദീപശിഖയെന്ന വ്യാഖാനത്തോടുകൂടി ‘അശൗചദീപികയും നാരായണീയമെന്ന വ്യാഖ്യാനത്തോടുകൂടി മനുഷ്യാലയചന്ദ്രികയും കാനപ്രം നാരായണന്‍ നമ്പൂതിരി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ഷേത്രനിര്‍മ്മാണപദ്ധതി ജ്യോതിഷ പ്രകാശിക, കാമസൂത്രവ്യാഖ്യാനം എന്നിവയും കാനപ്രത്തിന്റെ കൃതികളാണ്.
