മൂത്തേടത്തിലെ കുട്ടികള്‍ ഇനി ഇക്കോബ്രിക്ക് ബെഞ്ചിലിരുന്ന് വിശ്രമിക്കും-

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍.

വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തി നിറച്ചാണ് പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകള്‍ അഥവാ ഇക്കോ ബ്രിക്കുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നത്.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റ് പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകളുടെ നിര്‍മ്മാണം ആരംഭിച്ചത്.

ഒരു ലിറ്റര്‍ കുപ്പിയില്‍ 300 മുതല്‍ 350 ഗ്രാം വരെ പ്ലാസ്റ്റിക്ക് മാലിന്യം നിറക്കാന്‍ സാധിക്കും .

ഒരു വളണ്ടിയര്‍ 5 എണ്ണം എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ 500 കുപ്പിക്കട്ടകള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞു.

ഇതുവഴി 175 കിലോഗ്രാം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇതിനകം മൂത്തേടത്തെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ കുപ്പിക്കട്ടകളാക്കി മാറ്റി കഴിഞ്ഞു.

വളണ്ടിയര്‍മാര്‍ തങ്ങളുടെ വീടുകളില്‍ നിന്നും അടുത്ത വീടുകളില്‍ നിന്നും സ്‌കൂള്‍ പരിസരത്തു നിന്നും ശേഖരിച്ച മിഠായി കടലാസ്, ക്യാരി ബാഗുകള്‍, പാല്‍ കവറുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് കുപ്പിക്കട്ടകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ നിര്‍മ്മിച്ച 320 കുപ്പിക്കട്ടകള്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ പരിസരത്തെ മാവിനു ചുറ്റും വളണ്ടിയര്‍മാര്‍ വിശ്രമ ബെഞ്ച് സ്ഥാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക്ക് കുപ്പിക്കട്ടകളുടെ നിര്‍മ്മാണത്തിന് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്കാനാണ് മൂത്തേടത്ത് എന്‍ എസ് എസ് യൂണിറ്റ് ലക്ഷ്യമിടുന്നത്.

ഇനിയും ഇത്തരം കുപ്പിക്കട്ടകള്‍ നിര്‍മ്മിച്ച് മരങ്ങള്‍ക്ക് സംരക്ഷണ വേലികളും വിശ്രമ ബെഞ്ചുകളും സ്ഥാപിക്കാനാണ് വളണ്ടിയര്‍മാര്‍ തയ്യാറെടുക്കുന്നത്.

മണ്ണിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ മണ്ണിനടിയിലൂടെയുള്ള സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുമെന്നും ഇത്തരം പ്ലാസ്റ്റിക്ക് ശേഖരിച്ച്

കുപ്പിക്കട്ടകളാക്കുന്നതിലൂടെ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം പ്രകൃതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍ പറഞ്ഞു.

വളണ്ടിയര്‍മാരായ പി.വി.അമല്‍ രാജ്, എം.അഭയ്, സായൂജ് ആര്‍ നാഥ്, എ.നിവേദ് രവീന്ദ്രന്‍, ശാശ്വത് ദാസ്, അര്‍ജുന്‍ ദാസ്, അലോക് രമേശ് എന്നിവര്‍ വിശ്രമ ബെഞ്ച് സ്ഥാപിക്കാന്‍ നേതൃത്വം നല്കി.