ചിലമ്പൊലികള്‍ ഉണര്‍ന്നു, മനുവാശാരിമാരും സജീവമായി
തളിപ്പറമ്പ്: കോവിഡിന് ശേഷം തെയ്യക്കാവുകളില്‍ കളിയാട്ടങ്ങളുടെ ചിലമ്പൊലി ഉണര്‍ന്നതോടെ മനുവാശാരിമാര്‍ വീണ്ടും സജീവമായി.
വിവിധ ഗ്രാമങ്ങളിലെ കാവുകളിലും ക്ഷേത്രങ്ങളിലും ദേവീദേവന്‍മാരുടെ തിരുവായുധങ്ങള്‍ വെളുപ്പിക്കുക(ശുദ്ധീകരിക്കുക) എന്ന കുലത്തൊഴിലില്‍
ഏര്‍പ്പെട്ടുവരുന്നവരാണ് വിശ്വകര്‍മ്മ വിഭാഗത്തിലെ കൊല്ലന്‍മാരില്‍ ക്ഷേത്രസംബന്ധിയായ ഇത്തരം ജോലികള്‍ നിര്‍വ്വഹിക്കുന്നവരെ മനുവാശാരിമാര്‍ എന്നാണ് വിളിക്കുന്നത്.
ചെമ്പിലും പിത്തളയിലുമുള്ള ഈ തിരുവാഭരണങ്ങള്‍ വെളുപ്പിച്ചെടുക്കല്‍ എല്ലാ വര്‍ഷവും കളിയാട്ടത്തിന് മുമ്പായിട്ടാണ് നടക്കുന്നത്.
അതത് കാവുകളില്‍ പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്തവരുന്ന മനുവാശാരിമാരാണ് ഈ ജോലി നിര്‍വ്വഹിക്കുന്നത്.
മല്‍സ്യമധുമാംസാദികള്‍ ഉപേക്ഷിച്ച് വ്രതശുദ്ധിയോടെയാണ് ഈ ജോലി ചെയ്തുതീര്‍ക്കുന്നത്.
ഈ ജോലിചെയ്യുന്നവര്‍ക്കായി കാവുകളില്‍ പ്രത്യേകമായി അരിയളന്ന് നല്‍കുകയും വെള്ളരിക്ക, ചേന, തേങ്ങ എന്നിവയും ദക്ഷിണക്ക് പുറമെ നല്‍കും.
നാല് ദിവസങ്ങളിലും ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതാണ് വര്‍ഷങ്ങളായി നിലവിലുള്ള രീതി.
മുന്‍കാലങ്ങളില്‍ നല്‍കുന്നത് ദക്ഷിണയാണെങ്കില്‍ ഇപ്പോള്‍ ഒരു ദിവസത്തെ കൂലി കണക്കാക്കി 1000 മുകല്‍ 1500 രൂപവരെയാണ് ലഭിക്കുന്നത്.
മരത്തിന്റെ ചാണ ഉപയോഗിച്ച് സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നാണ് മുന്‍കാലങ്ങളില്‍ ഈ ജോലി നിര്‍വ്വഹിച്ചിരുന്നതെങ്കില്‍
ഇപ്പോല്‍ ചാണ വലിക്കാന്‍ സ്ത്രീകളെ ലഭിക്കാത്തതിനാല്‍ ചകിരി, പൂഴി, സാന്‍ഡ് പേപ്പര്‍ എന്നിവയുപയോഗിച്ചാണ് തിരുവായുധങ്ങള്‍ വെളുപ്പിച്ചെടുക്കുന്നത്.
മാതമംഗലം നീലിയാര്‍ കോട്ടത്തില്‍ ഉള്‍പ്പെടെ പരമ്പരാഗതമായി കിഴക്കേപുരയില്‍ കുടുംബക്കാരാണ് മനുവാശാരിമാര്‍.
ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ പത്തും ഇരുപതും കാവുകളില്‍ വരെ വെളുപ്പിക്കല്‍ അവകാശമുള്ളവരുണ്ട്.
കോവിഡ് കാലത്ത് ക്ഷേത്രചടങ്ങുകള്‍ പേരിന് മാത്രമായതോടെ മിക്ക സ്ഥലങ്ങളിലും വെളുപ്പിക്കല്‍ ജോലികള്‍ ഉണ്ടായിരുന്നില്ല.
മാറിയ സാഹചര്യത്തില്‍ മനുവാശാരിമാര്‍ക്ക് വീണ്ടും തിരക്കുകള്‍ കൂടുകയാണ്.
ഒരു ജോലി എന്ന നിലയിലല്ല, വിശുദ്ധമായ ഒരു കര്‍മ്മമായിട്ടാണ് എല്ലാവരും തിരുവായുധം വെളുപ്പിക്കലിനെ കാണുന്നത്.
