മന്ത്രി എം.വി.ജിയില്‍ പ്രതീക്ഷ–കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാകുമോ..?

തളിപ്പറമ്പ്: കൂവോട് പത്തായച്ചിറ അണക്കെട്ടിന് ശാപമോക്ഷമാവുമോ- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചത് നാട്ടുകാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.

1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഈ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അന്നത്തെ ജലസേചന-നിയമ-ജയില്‍ മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരായിരുന്നു.

65 വര്‍ഷം പഴക്കമുള്ള അണക്കെട്ട് കാലപ്പഴക്കത്താല്‍ തകര്‍ന്നതിനാല്‍, ഉപ്പ് വെള്ളം തടയുന്നതിന് വേണ്ടി നാട്ടുകാരുടെ ജനകീയ കമ്മിറ്റികള്‍ എല്ലാവര്‍ഷവും മരപ്പലക നിരത്തി മണ്ണും നിറച്ച് തടയണ നിര്‍മ്മിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

മുനിസിപ്പാലിറ്റിയില്‍ നിന്നും തുച്ഛമായ ഫണ്ട് മാത്രമെ ഇതിന് ലഭിക്കുന്നുള്ളൂ.

ഈ ഫണ്ട് ഉപയോഗിച്ച് കൂലി കൊടുത്ത് പണി ചെയ്യിക്കുകയാണെങ്കില്‍ ഫണ്ടിന്റെ നാല് ഇരട്ടിയിലധികം തുക വേണ്ടി വരും.

നാട്ടുകാരുടെ ജനകീയ കൂട്ടായ്മയില്‍ വര്‍ഷാവര്‍ഷം നടത്തുന്ന മണ്ണ് നിറക്കല്‍ ഈ പഴക്കമേറിയ അണക്കെട്ടിന് ശ്വാശതമായ ഒരു പരിഹാരം ആകുകയില്ല എന്ന തിരിച്ചറിവില്‍ കൂവോട്,

കുറ്റിക്കോല്‍, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ സി പി ഐ(എം) പ്രവര്‍ത്തകരും, കര്‍ഷകരും പുതിയ ഒരു അണക്കെട്ട് നിര്‍മ്മിക്കുന്നതിന് നിരന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയങ്ങളും, നിവേദനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ഈ ഒരു ഭരണകാലത്തെങ്കിലും ആധുനിക രീതിയില്‍ ഉള്ള ഒരു പുതിയ അണക്കെട്ട് നിര്‍മ്മിച്ച് പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരം കാണാനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഉപ്പ് വെള്ളം തടയാനായില്ലെങ്കില്‍ കൂവോട്, കുറ്റിക്കോല്‍, തുരുത്തി,പ്ലാത്തോട്ടം, കീഴാറ്റൂര്‍ പ്രദേശത്തുള്ള വയലുകളിലെ കൃഷികള്‍ കരിഞ്ഞുണങ്ങിപ്പോകും എന്ന തിരിച്ചറിവ് ഇവിടുത്തെ കര്‍ഷക സംഘത്തിനുണ്ട്.

ഒരു പുതിയ അണക്കെട്ട് നിര്‍മ്മിച്ച് നാടിന്റെ നെല്‍കൃഷി സംരക്ഷിക്കാന്‍ സര്‍ക്കാരിനു സാധിക്കും എന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.