ജിഷ്ണു പോലീസ് ജീപ്പ് കയ്യിലെടുക്കും—
കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: വെറും മുന്നൂറ് ഗ്രാം തൂക്കത്തില്‍ തളിപ്പറമ്പ് പോലീസിന്റെ ബൊലേറോ ജീപ്പുമായി ജിഷ്ണു സുകുമാരന്‍.
കോവിഡ് കാലത്ത് ആരംഭിച്ച വലിയ ചെറിയരൂപങ്ങളുടെ നിര്‍മ്മാണത്തോടുള്ള താല്പര്യമാണ് പോലീസ് ജീപ്പ് നിര്‍മ്മിക്കാന്‍ പ്രേരകമായതെന്ന് ജിഷ്ണു പറയുന്നു.
പന്നിയൂര്‍ ഇടുകുഴി സ്വദേശി 26 കാരനായ ജിഷ്ണു നിര്‍മ്മിച്ച പോലീസിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചെറുരൂപം ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
ഫോര്‍എക്സ് ഷീറ്റും പശയും പെയിന്റുമാണ് 45 സെന്റീമീറ്റര്‍ നീളവും 17 സെന്റീമീറ്റര്‍ വീതിയുമുള്ള ജീപ്പ് രൂപം നിര്‍മ്മിക്കാന്‍ 1000 രൂപയോളം ചെലവുവന്നതായി ജിഷ്ണു പറയുന്നു.
ചെറുപ്പത്തില്‍ തന്നെ വലിയ വസ്തുക്കളുടെ ചെറുരൂപങ്ങള്‍ നിര്‍മ്മിക്കുന്നത് ഒരു ഹരമായിരുന്ന ജിഷ്ണു കോവിഡ് കാലത്താണ് യുട്യൂബിന്റെ സഹായത്തോടെ ചെറിയരൂപങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സജീവമായത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നൂറിലേറെ രൂപങ്ങളാണ് നിര്‍മ്മിച്ചത്.
കൂടുതലും സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു.
കേട്ടറിഞ്ഞ് സമീപിച്ച പലര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട രൂപങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
പോലീസ് ജീപ്പ് നിര്‍മ്മിക്കണമെന്ന ഏറെക്കാലമായി ഉള്ള ആഗ്രഹം 4 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുകയും ഇത് സ്റ്റേഷനില്‍
ഏല്‍പ്പിക്കുകയും ചെയ്ത ജിഷ്ണു പോലീസിന്റെ ഉപദേശത്തെ തുടര്‍ന്ന് ഇത് മോട്ടോര്‍വാഹന വകുപ്പിന് കൈമാറാന്‍ ഒരുങ്ങുകയാണ്.
ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ബൊലേറോ ജീപ്പിനെ അനുസ്മരിപ്പിക്കുന്ന ഈ ചെറിയ ജീപ്പില്‍ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. കാനറാ ടിമ്പേഴ്സില്‍ ജീവനക്കാരനാണ് ജിഷ്ണു.
