ആരോഗ്യമന്ത്രി വീണാജോര്‍ജ് നാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും 22ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കല്‍ കോളേജില്‍ ആരോഗ്യവനിതശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
എം.വിജിന് എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്,
ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡി.എം.ഇ ഡോ.റംലബീവി, ജെ.ഡി.എം.ഇ (മെഡിക്കല്‍) ഡോ.തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 35.52 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണം നടത്തുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, കെട്ടിടത്തിലെ അറ്റകുറ്റപണികള്‍, പുതിയ അഗ്നിശമന സുരക്ഷാ സംവിധാനമൊരുക്കല്‍,
മെഡിക്കല്‍ കോളേജ് കോംപൗണ്ടിലെ റോഡുകളുടെ നവീകരണം, ഹൈമാസ്റ്റ് ലൈറ്റുകള്‍ സജ്ജീകരിക്കല്‍, അത്യാധുനിക ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ സംവിധാന മൊരുക്കല്‍,
കേന്ദ്രീകൃത ശീതീകരണ സംവിധാനം തുടങ്ങിയവയുള്‍പ്പെടുന്നതാണ് മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവൃത്തി.
2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.74 കോടി രൂപ ചെലവില്‍ ഒരുക്കിയ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിക്കും.
ഇതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്സ്റേ വിഭാഗത്തില്‍ രോഗികള്‍ക്കായി അതിനൂതന സംവിധാനം ലഭ്യമാകും.
ഫോട്ടോ എടുക്കുന്ന വേഗതയില്‍ സെക്കന്റുകള്‍ക്കകം മികച്ച വ്യക്തതയോടെ എക്സ്റേ ഫലം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
തുടര്‍ച്ചയായി 100 പേരുടെ എക്സ്റേ എടുക്കാന്‍ കഴിയുമെന്നതും റേഡിയേഷന് തോത് ക്രമാതീതമായി കുറഞ്ഞ രോഗനിര്‍ണ്ണയ സംവിധാനമാണ് ഈ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റത്തിലേത് എന്നതും മറ്റ് സവിശേഷതകളാണ്.
റേഡിയേഷന് സുരക്ഷ ഉറപ്പാക്കിയ ശേഷം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള എ.ഇ.ആര്.ബി ലൈസന്‍സും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അജയകുമാര്‍ അറിയിച്ചു.