ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിയാരം: തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടില്‍ ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഷിയ ബസ് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. കാര്‍ ഡ്രൈവര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
അപകടം നടന്നതിനെതിര്‍വശം വലിയ താഴ്ച്ചയാണ്. ഇടിയുടെ ആഘാതത്തില്‍ ദേശീയ പാത നിര്‍മ്മാണപ്രവൃത്തിയുടെ ഭാഗമായി ഒരുക്കിയ ബീമിനിടയില്‍ കാര്‍ കുരുങ്ങിയതിനാലാണ് വന്‍ അപകടം ഒഴിവായത്.
അമിത വേഗതയില്‍ ബസ് ദിശ മാറി വന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുപ്പം ചുടല അപകട വളവില്‍ മരണപ്പാച്ചിലിന് അറുതിയില്ലെങ്കില്‍ മുസ്ലീം യൂത്ത് ലീഗ് ബസ് തടയും
നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി,അപകട വളവുകള്‍ നിറഞ്ഞ കുപ്പം ചുടല ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ നടത്തുന്ന മരണപ്പാച്ചിലിന് അറുതി വരുത്തിയില്ലെങ്കില്‍ അത്തരം ബസുകളെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ അന്നന്നത്തെ ആഹാരത്തിന് വക തേടി യാത്ര പോകുന്നവരടക്കമുള്ളവരുടെ ജീവന് പോലും വക കല്‍പിക്കാതെ ജീവനക്കാര്‍ തന്നിഷ്ടം കാണിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ല.മറ്റു വാഹനങ്ങളെ തഴഞ്ഞ് ഭീകരമായി ഹോണ്‍ മുഴക്കിയും സൈഡ് നല്‍കാതെയും അപകടകരമായ രീതിയിലാണ് മിക്ക ബസുകളും സര്‍വ്വീസ് നടത്തുന്നത്.ഇന്നലെ രാവിലെ രാവിലെ കപ്പണത്തട്ടില്‍ തെറ്റായ ദിശയില്‍ ഓവര്‍ ടേക്ക് ചെയ്തു വന്ന ബസ് എതിരെ വന്ന കാറിനെ ഇടിച്ചു തെറിപ്പിച്ച രംഗം ഭീകരമായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്. ഇനിയും ഇത്തരം നിയമ ലംഘനങ്ങള്‍ തുടരാനാണ് ഭാവമെങ്കില്‍ അത് യൂത്ത് ലീഗ് വെച്ചു പൊറുപ്പിക്കില്ലെന്നും പരിയാരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. പടം-കുപ്പം കപ്പണത്തട്ട് വളവിലുണ്ടായ വാഹനാപകടം.