ചൂതാട്ടം-കുറ്റം സമ്മതിച്ച് പിഴയടച്ച പോലീസുകാരന് വലിയ പണിവരും-കര്‍ശനനടപടി വേണമെന്ന് ഉന്നത നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപ്രാധാന്യമുള്ള സാധനസാമഗ്രികളുടെ സുരക്ഷാ ചുമതലകള്‍ക്കിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട പോലീസുകാരനെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ വേണെമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി സൂചന.

കരിമ്പം പനക്കാട്ടെ പാറോല്‍ അനില്‍കുമാറിനെതിരെ രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അടുത്ത ദിവസം തന്നെ നിയോഗിക്കും.

സെപ്തംബര്‍ 9 ന് പനക്കാട്ട് വെച്ച് ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിനാണ് പോലീസിന്റെ പിടിയില്‍പെടാതെ ഓടിരക്ഷപ്പെട്ട അനില്‍കുമാറിനെ പിന്നീട് സെപ്തംബര്‍ 13 ന് അറസ്റ്റ് റിക്കാര്‍ഡ് ചെയ്തത്.

ഇക്കഴിഞ്ഞ നവംബര്‍ 12 നാണ് അനില്‍കുമാര്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ പിഴയടച്ചത്.

രേഖകളില്‍ ഒരിടത്തും അനില്‍കുമാര്‍ പോലീസുകാരനാണെന്ന് സൂചിപ്പിക്കാതെയായിരുന്നു പിഴയടക്കല്‍ വരെയുള്ള കാര്യങ്ങള്‍ നടന്നത്.

സാധാരണ ഗതിയില്‍ സര്‍ക്കാര്‍ വകുപ്പുകളിലുള്ളവര്‍ ഇത്തരം കേസുകളുണ്ടായാല്‍ കുറ്റം സമ്മതിച്ച് പിഴയടക്കുന്നത് വളരെ അപൂര്‍വ്വമാണത്രേ.

കൊലക്കേസുകളായാല്‍പോലും കോടതികളില്‍ വാദിച്ച് കുറ്റവിമുക്തരാകാനാണ് അവര്‍ ശ്രമിക്കുക.

എന്നാലിവിടെ കുറ്റം സമ്മതിച്ച് പിഴയടച്ചതോടെ അതിന്റെ ഗൗരവം കൂടിയിരിക്കയാണെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

ഏറെ ഗൗരവത്തില്‍ കാണേണ്ട സംഭവം പോലീസ് കൈകാര്യം ചെയ്ത രീതിയില്‍ ഉന്നത തലത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.

അതുകൊണ്ടുതന്നെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.