ഏഴിമലയെ ഹാള്‍ട്ട് ആക്കിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്-

പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരംതാഴ്ത്തിയതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

ഏറെക്കാലമായി ലഭിച്ചിരുന്ന യാത്ര സൗകര്യം പോലും ഇല്ലാതായതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

ഏഴിമല റെയില്‍വേ സ്‌റ്റേഷനെ ഈയടുത്താണ് ഹാള്‍ട്ട് സ്‌റ്റേഷനാക്കി മാറ്റിയത്.

കുഞ്ഞിമംഗലം പഞ്ചായത്തിലെ യാത്രക്കാരെ കൂടാതെ ചെറുതാഴം, കടന്നപ്പള്ളി, മാതമംഗലം, മാടായി, രാമന്തളിയിലെ കുന്നരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രക്കാര്‍ ആശ്രയിക്കുന്നു തീവണ്ടി സ്‌റ്റേഷനാണിത്.

ഏഴിമല നേവല്‍ അക്കാദമിയിലേക്കും, പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനും ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്നു.

നിലവില്‍ മലബാര്‍ എക്‌സ്പ്രസ്സ്, കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് ഉണ്ട്.

കൂടുതല്‍ തീവണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിന് നാട്ടുകാര്‍ നിരന്തരം പരിശ്രമത്തിലാണ്.

ഈ അവസരത്തിലാണ് സ്‌റ്റേഷനെ തരംതാഴ്ത്തി ഉള്ള സൗകര്യം കൂടി ഇല്ലാതാക്കിയത്.

റെയില്‍വേയുടെ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. .