ബോംബന്വേഷണം അവസാനിപ്പിക്കുന്നു–
തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയിട്ടും നിരാശരായതോടെ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്.

ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍ കാര്യമായൊരു നേട്ടവുമുണ്ടായില്ല.
സി.സി.ടി.വി ദൃശ്യം കൂടുതല്‍ പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല.
ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.
പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.
വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹനവിദഗ്ധരില് നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.
