അള്ളാംകുളം വെറും കുളമായി-സാംസ്‌ക്കാരികകേന്ദ്രം പാതിവഴിയില്‍-
തളിപ്പറമ്പ്: മോഹങ്ങള്‍ക്ക് അതിരുകളില്ലല്ലോ–എന്തൊക്കെയായിരുന്നു മോഹങ്ങള്‍- അള്ളാംകുളവും ചുറ്റുപാടും ഒരു സാംസ്‌ക്കാരിക കേന്ദ്രമാവും.
നീന്തല്‍ പരിശീലിക്കാം, കുളിക്കാം-പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്ക് സുരക്ഷിതമായി സവാരിനടത്താം. നാടിന്റെ ജലസംഭരണിയായി അള്ളാംകുളം മാറും.
അങ്ങനെ എന്തൊക്കെയോ മോഹങ്ങള്‍. പക്ഷെ, മഴ നിന്ന് ഒരുമാസം പിന്നിട്ടതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി.
മഴക്കാലത്ത് നിരവധി കുട്ടികള്‍ നീന്താനും കുളിക്കാനും എത്തിയ കുളം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ ഉപയോഗശൂന്യമായ നിലയിലായി.
കുളക്കരയില്‍ പണിതുയര്‍ത്തിയ സാംസ്‌ക്കാരികനിലയവും പണി പൂര്‍ത്തിയാകാതെ പാതിവഴിയിലായി.
ഒരുകാലത്ത് കനത്ത വേനലില്‍പോലും വറ്റാതിരുന്ന അള്ളാംകുളം നവീകരിക്കുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും എല്ലാം അസ്ഥാനത്തായിരിക്കയാണ്.
കാല്‍നൂറ്റാണ്ടിവലേറെക്കാലം ചെളിനിറഞ്ഞ് ഉപയോഗശൂന്യമായ കുളം നവീകരിച്ചതിനെ എല്ലാവരും സ്വാഗതം ചെയ്തിരുന്നുവെങ്കിലും വെള്ളം വറ്റുകയും കുളത്തിന്റെ ആഴം കൂടുകയും ചെയ്തതോടെ കുളം ആര്‍ക്കും വേണ്ടാതായി.
ഇതിന്റെ അനുബന്ധമായി നടത്താന്‍ തീരുമാനിച്ച പദ്ധതികളൊക്കെ മുടങ്ങുകയും ചെയ്തു.
കുളത്തിലേക്കുള്ള റോഡ് ടാര്‍ചെയ്യുകയും ഇവിടെ വൈദ്യുതി വെളിച്ചം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ 12-ാം വാര്‍ഡിന്റെ സാംസ്‌ക്കാരിക കേന്ദ്രമെന്ന ആശയം പൂര്‍ണമാകുമായിരുന്നു.
