പറയാനുണ്ട് ഭക്തജനങ്ങളോട്–സേവാസമിതിക്കും-
തളിപ്പറമ്പ്: ടി ടി കെ ദേവസ്വം കഴിഞ്ഞ കുറച്ചു നാളുകളായി തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിക്ക് എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു.
ആ പ്രസ്താവനകള്‍ക്ക് എതിരെ ചില വസ്തുതകള്‍ ഭക്തജനങ്ങളെ ബോധ്യപെടുത്താന്‍ സേവാസമിതി ആഗ്രഹിക്കുന്നു.
(സേവാസമിതി പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവന മുഴുവനായി പ്രസിദ്ധീകരിക്കുന്നു)
നിസ്വാര്‍ത്ഥമായി, ലാഭേഛയില്ലാതെ കഴിഞ്ഞ 46 വര്‍ഷങ്ങളായി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശ്രീകൃഷ്ണ സേവാസമിതി. സേവാസമിതിയെ ‘പിരിച്ചുവിട്ടു’ എന്നു പറയുന്നത് സേവാസമിതി അല്ല മറിച്ച് ടി ടി കെ ദേവസ്വം പ്രസിഡണ്ടും, ചില ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ജീവനക്കാരില്‍ ചിലരും മാത്രമാണെന്ന് ആദ്യമേ ബോധ്യപ്പെടുത്തി കൊള്ളട്ടെ.
സേവാസമിതി ഒരു രജിസ്‌റ്റേഡ് സംഘടനയാണ് എന്നത് കൊണ്ട് തന്നെ അതിനെ പിരിച്ചുവിടാനുള്ള അധികാരം ടിടികെ ദേവസ്വത്തിനോ മലബാര്‍ ദേവസ്വത്തിനോ ഇല്ല.
ടി ടി കെ ദേവസ്വം പറയുന്നത് പോലെ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം കമ്മിറ്റികള്‍ ആരംഭിച്ചത് (ക്ഷേത്ര നവീകരണ കമ്മിറ്റിയും, ക്ഷേത്രച്ചിറ പുനരുദ്ധാരണ സമിതിയും)
ദേവസ്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ ധ്വജസ്തംഭം, ശ്രീകോവില്‍, ഗോശാല എന്നിവ നവീകരിക്കാന്‍/ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ക്ഷേത്ര നവീകരണ കമ്മിറ്റി ഉണ്ടായത്.
ഈ കമ്മിറ്റിക്ക് സംഭാവന പിരിക്കുന്നതിനു വേണ്ടി ആദായനികുതി 80-ജി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.
മുന്‍കാലങ്ങളില്‍ ടി ടി കെ ദേവസ്വത്തിന്റെ അനുമതിയോടുകൂടി നവീകരണ ഭണ്ഡാരം വരെ അമ്പലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അന്നൊന്നും ഈ സമിതിക്കെതിരെ യാതൊരു ആരോപണവും ദേവസ്വം ഉന്നയിച്ചിട്ടില്ല .
ശ്രീകൃഷ്ണ സേവാസമിതിക്കെതിരെ ടി ടി കെ ദേവസ്വം ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉള്ള പ്രധാന കാരണം ദേവസ്വത്തിന്റെ താഴെ പറയുന്ന ചില സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ സേവാസമിതി ചോദ്യം ചെയ്തു എന്നത് കൊണ്ട് മാത്രമാണ് .
1.മുന്‍ വര്‍ഷങ്ങളില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടത്തിയിരുന്ന സഹസ്ര കലശത്തിന് പകരം ചെലവ് ചുരുക്കലിന്റെ ഭാഗമായി ദ്രവ്യ കലശം നടത്താന്‍ തീരുമാനിച്ചതിനെ സേവാസമിതി ചോദ്യം ചെയ്തപ്പോള്‍ ക്ഷേത്രത്തില്‍ വരുമാനം കുറവാണ് എന്ന മറുപടി ലഭിക്കുകയുണ്ടായി.
എക്‌സിക്യൂട്ടീവ് ഓഫീസര്‍ അധിക വേതനമായി കൈപ്പറ്റിയതും ദേവസ്വം ഓഡിറ്റില്‍ കണ്ടെത്തിയതുമായ വന്‍ തുക തിരിച്ചു പിടിച്ചാല്‍ പോരേ എന്ന് സേവാസമിതി ചോദിച്ചത് ആയിരിക്കാം സേവാസമിതിക്ക് എതിരെ തിരിയാന്‍ ഇടയാക്കിയ ഒരു കാരണം. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശമ്പളത്തിന് പുറമെ അനധികൃതമായി കൈപ്പറ്റി കൊണ്ടിരിക്കുന്ന അലവന്‍സ് ദേവസ്വം ഓഡിറ്റില്‍ കണ്ടെത്തി അധികം വാങ്ങിയ തുക തിരിച്ചടക്കാനുള്ള നിര്‍ദേശം വന്നുകഴിഞ്ഞു.
2. പിണ്ഡം സമര്‍പ്പണത്തിന് 150 രൂപ നിരക്ക് ഈടാക്കുമ്പോള്‍ നല്‍കേണ്ടുന്ന പായസം നല്‍കാത്തതും 2 വര്‍ഷങ്ങളായി മുടങ്ങിയ അന്നദാനത്തിനു വേണ്ടി പണം വാങ്ങുന്നതും സേവാസമിതി ചോദ്യം ചെയ്തു.
3. തിരുമുറ്റത്ത് ചെരുപ്പ് ഇട്ടു നടക്കുന്നതും പുല വാലായ്മ ഉള്ള ജീവനക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതും അനധികൃതമായി രശീതി ഇല്ലാതെ പൂക്കള്‍ വാങ്ങുന്നതിന് ജീവനക്കാരെ ഉപയോഗിച്ച് പണം പിരിക്കുന്നതും സേവാസമിതി ചോദ്യം ചെയ്തു . തുടരെയുള്ള പല ആചാര ലംഘനങ്ങളും ചോദ്യം ചെയ്തപ്പോള്‍ സേവാസമിതി ദേവസ്വത്തിന്റെ കണ്ണിലെ കരടായി.
3. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനം തുടങ്ങിയപ്പോള്‍ സേവാസമിതിയും അന്നദാനത്തിനുള്ള അനുമതി തേടുകയുണ്ടായി. ഇതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടോ എന്ന് മനസ്സിലാവുന്നില്ല.
5, ദേവസ്വത്തില്‍ അടുത്ത കാലത്തു നടത്തിയിട്ടുള്ള നിയമനങ്ങളില്‍ ഒന്നും തന്നെ മലബാര്‍ ദേവസ്വം അനുശാസിക്കുന്ന നിയമങ്ങളും നിബന്ധനകളും പാലിച്ചു നടത്തിയതല്ല എന്നിരിക്കെ വര്‍ഷങ്ങളായി അമ്പലത്തില്‍ അലക്ക് ജോലിചെയ്യുന്ന ആളെ സ്ഥിരപ്പെടുത്താത്തത് ചോദ്യം ചെയ്തത് വലിയ തെറ്റാണോ?
6. രാവിലെ നിവേദിച്ച പാല്‍പ്പായസം ബാക്കി വന്നാല്‍ രാത്രി അത്താഴപൂജക്കു ശേഷവും രശീതിയാക്കി ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന ഭക്തര്‍ക്ക് ‘വില്‍പ്പന’ നടത്തുക, ഭക്തര്‍ പണമടച്ച് വഴിപാടായി വരുന്ന ഉണ്ണിയപ്പം വില്‍പ്പന നടത്തുക തുടങ്ങിയ അനാശാസ്യമായതും ഒരു ക്ഷേത്രത്തിന്ന് നിരക്കാത്തതും ആയ വ്യാപാര പ്രവണതകളെ സദുദ്ദേശത്തോടെ ശ്രീകൃഷ്ണ സേവാസമിതി ചോദ്യം ചെയ്യാറുണ്ട്.
7. ക്ഷേത്രത്തില്‍ പല വിധത്തിലും അശുദ്ധി സംഭവിച്ചിട്ടും ഒരു പ്രശ്‌ന ചിന്ത നടത്താത്തതിനെ പറ്റിയും സമിതി ആരാഞ്ഞു. കൂടാതെ തൃച്ചംബരം ക്ഷേത്രത്തില്‍ നല്‍കുന്ന ചന്ദനം ഭക്തര്‍ക്ക് സ്‌കിന്‍ അലര്‍ജി ഉണ്ടാക്കിയതും ചോദ്യം ചെയ്തിട്ടുണ്ട്. ഈ ഉത്സവകാലത്ത് ദേവസ്വം വഴിപാട് കൗണ്ടര്‍ ജീവനക്കാരന്‍ ആചാരലംഘനം നടത്തിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സേവാസമിതി തന്ത്രി, മേല്‍ശാന്തി എന്നിവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ പ്രായശ്ചിത്തം ചെയ്യണമെന്ന് പറയുകയുണ്ടായി. പക്ഷേ ദേവസ്വം അധികാരികള്‍ അതിനെതിരെ തീര്‍ത്തും ധിക്കാര പൂര്‍ണമായ സമീപനമാണ് കൈക്കൊണ്ടത്.
ദേവസ്വത്തിന്റെ ആവശ്യ പ്രകാരം എക്‌സ് ഓഫീഷ്യോ മെമ്പര്‍ ആയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സേവാസമിതിയുടെ ട്രഷറര്‍ സ്ഥാനം നല്‍കി യിട്ടുണ്ട്.
എല്ലാ കണക്കുകളും അദ്ദേഹം പരിശോധിച്ചു ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍ 2021 നവംബര്‍ മാസം വരെ എല്ലാ ചെക്കുകളിലും ഒപ്പിട്ടിരുന്നു. അന്നൊന്നും ഈ ആരോപണങ്ങള്‍ ഉണ്ടായിക്കണ്ടില്ല.
സേവാസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത് സംബന്ധിച്ചും ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇപ്പോള്‍ ദേവസ്വം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളുടെ സത്യാവസ്ഥ കൂടി നല്ലവരായ ഭക്ത ജനങ്ങളെയും നാട്ടുകാരെയും അറിയിക്കട്ടെ.
1. നടപ്പന്തല്‍
2016 ല്‍ ദേവസ്വം പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് ഓഫീസര്‍, അമ്പലം മാനേജര്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് നടപ്പന്തല്‍ നിര്‍മ്മാണം തുടങ്ങിയത്. വിദഗ്ധരായ പിഡബ്ല്യുഡി എഞ്ചിനീയര്‍മാരും, കണ്ണൂര്‍ ജില്ലയില്‍ തന്നെ പ്രശസ്തമായ മേനോന്‍ &മേനോന്‍ സ്ഥാപന ഉടമയായ കെ വിനോദ് കുമാറും ചേര്‍ന്ന പാനലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ഈ എസ്റ്റിമേറ്റില്‍ മുന്നേ തയ്യാറാക്കിയ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി ദേവസ്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പല കൂട്ടിച്ചേര്‍ക്കലും ചില ഒഴിവാക്കലുകളും ഉണ്ടായി. അതിനനുസരിച്ചാണ് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. ഈ കണക്കുകള്‍ ഇഅ ഓഡിറ്റ് ചെയ്ത് ദേവസ്വത്തിനു സമര്‍പ്പിക്കുകയും ജനറല്‍ബോഡിയിലും,ജനകീയ കമ്മിറ്റിയിലും അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ് .
2. സ്‌റ്റേജും ഓഡിറ്റോറിയവും
ഭഗവാന്റെ പേരില്‍ തന്നെയാണ് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രീ കൃഷ്ണ സേവാസമിതി പണം പിരിച്ചതും ചെലവാക്കിയതും. ഭഗവാന് സമര്‍പ്പിച്ച ഒന്നിനും സേവാസമിതി ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇനി ഉന്നയിക്കുകയുമില്ല. ഇപ്പോള്‍ ദേവസ്വം ആണ് സേവാസമിതിയുടെ സമര്‍പ്പണ ബോര്‍ഡ് പോലും അഴിച്ചു വെച്ചിട്ടുള്ളത്.
3. അന്നദാനം
ദേവസ്വം അന്നദാനം നടത്തി നഷ്ടത്തില്‍ ആയതിനുശേഷം ആണ് സേവാസമിതിയോട് അന്നദാനം ഏറ്റെടുത്തു നടത്താന്‍ ആവശ്യപ്പെടുന്നത്. ആ ആവശ്യപ്രകാരം സേവാസമിതിയുടെ അംഗങ്ങളില്‍ നിന്നുതന്നെ പണം പിരിച്ചെടുത്ത് തുടങ്ങിയതാണ് അന്നദാനം. ഈ അന്നദാനത്തിനുള്ള പണം കണ്ടെത്തുന്നത് സേവാസമിതി ഏര്‍പ്പാടാക്കിയ അന്നദാന കൗണ്ടറില്‍ നിന്നാണ്. നിസ്വാര്‍ത്ഥ സേവന മനോഭാവമുള്ള കുറേ സജ്ജനങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടാണ് ഈ അന്നദാനം നടത്തിക്കൊണ്ടുപോയത് .ക്ഷേത്രത്തില്‍ അന്നദാനത്തിനും മറ്റുമായി സേവാസമിതി അംഗങ്ങളില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നും സംഭാവന പിരിച്ചെടുത്ത് വാങ്ങിയ പല സാധനങ്ങളും (കസേര, പാചകം ചെയ്യാനുള്ള പാത്രങ്ങള്‍, ഡെസ്‌ക്കുകള്‍, മൈക്ക് സെറ്റ് ) ദേവസ്വം അധികാരികള്‍ നിലവില്‍ ഉപയോഗിക്കുന്നതായി കണ്ടു. ഉത്സവദിനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനം നടത്തുന്നതിനുവേണ്ടി സേവാസമിതി കുറച്ചു പ്ലേറ്റുകള്‍ മാത്രമാണ് അവിടെനിന്ന് എടുത്തിട്ടുള്ളത്. ഇത് സേവാസമിതിയുടെ സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങളാണ്.
4. ഉത്സവാഘോഷങ്ങളും കലാപരിപാടികളും
കഴിഞ്ഞ 46 വര്‍ഷങ്ങളായി സേവാസമിതി ആണ് ഉത്സവ ആഘോഷ പരിപാടികള്‍, സപ്താഹ ങ്ങള്‍, മഹാ അന്നദാനം എന്നിവ നടത്തുന്നത്, വിഷു, ഓണം, ശ്രീകൃഷ്ണ ജയന്തി, കര്‍ക്കടവാവ് തുടങ്ങിയ എല്ലാ വിശേഷദിവസങ്ങളിലും സേവാസമിതിയുടെ വളണ്ടിയര്‍മാര്‍ നിസ്വാര്‍ത്ഥമായി സേവനം നടത്തുന്നുണ്ട്.
5. ഉത്സവത്തിന്റെ വരവ് ചെലവ് കണക്കുകള്‍
എല്ലാ വര്‍ഷവും സേവാസമിതിയുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തു ജനറല്‍ബോഡിയില്‍ അവതരിപ്പിച്ച് എല്ലാ അംഗങ്ങള്‍ക്കും അതിന്റെ കോപ്പി വിതരണം ചെയ്യുകയും ഇതേ കണക്കുകള്‍ ദേവസ്വത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. മുന്‍കാലങ്ങളിലെ ദേവസ്വം അധികാരികള്‍ ഇതിനെ വളരെയധികം പ്രശംസിച്ച് പല വേദികളിലും സംസാരിച്ചിട്ടുണ്ട്. ചന്ത ലേലം നടത്തുന്നതിന് മുന്നേ ദേവസ്വത്തിന്റെ അനുമതി രേഖാമൂലം ചോദിക്കാറുണ്ട്. ചന്ത ലേലം നടത്തി കിട്ടുന്ന പണംകൊണ്ടാണ് ലൈറ്റ് ആന്‍ഡ് സൗണ്ട്, സിസിടിവി, അലങ്കാരങ്ങള്‍ എന്നിവ ചെയ്യാറുള്ളത് ഇതെല്ലാം കൊട്ടേഷന്‍ വിളിച്ചു തന്നെയാണ് ഇതുവരെ ചെയ്തിട്ടുള്ളത് ഈ കാര്യങ്ങളെല്ലാം ദേവസ്വത്തിന് അറിവുള്ളതാണ്
കാലങ്ങളായി സേവാസമിതി ഭക്തജനങ്ങളില്‍ നിന്ന് സംഭാവനകള്‍ പിരിച്ചിട്ടുള്ളത് ഉത്സവത്തോട് അനുബന്ധിച്ച് മഹാഅന്നദാനം കലാപരിപാടികള്‍ എന്നിവ നടത്തുന്നതിനും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കായി ചെയ്തിട്ടുള്ള പ്രവൃത്തികള്‍ക്കും വേണ്ടി മാത്രമാണ്. എന്നാല്‍ ഈ വര്‍ഷം ദേവസ്വം, സ്‌റ്റേജിനു മുന്നില്‍ കൗണ്ടര്‍ ഇട്ടുകൊണ്ട് പണവും സാധനങ്ങളും ഭക്തജനങ്ങളില്‍ നിന്നും സംഭാവന എന്ന പേരില്‍ വാങ്ങിയെങ്കിലും കലാപരിപാടികള്‍ നടത്തുകയോ ഭക്തജനങ്ങള്‍ക്ക് ഒരു ദിവസം പോലും അന്നദാന പ്രസാദം നല്‍കുകയോ ചെയ്തിട്ടില്ല. 1983ല്‍ ക്ഷേത്ര ചിറ നവീകരിച്ചത് പോലെ വിഷ്ണു തീര്‍ത്ഥീ നവീകരണ പ്രവര്‍ത്തനം നടത്തിയെങ്കിലും അന്ത്യഘട്ടത്തില്‍ ദേവസ്വം വാഗ്ദാനം ചെയ്ത തുക തരാത്തത് കാരണമാണ് പാതിവഴിയില്‍ പ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടി വന്നത് എന്നത് കൂടി ഇവിടെ സൂചിപ്പിക്കട്ടെ.
കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പെരിഞ്ചെല്ലൂര്‍ ഗ്രാമത്തിലെ ജ്യോതിഷ പണ്ഡിതനായ കപാലി നമ്പൂതിരിയാണ് കുംഭം 22ന് പ്രഭാഷണം നടത്തി വരുന്നത്. ഈ പ്രാവശ്യം അതിന് മാറ്റം വരുത്തി ദേവസ്വത്തിന് വേണ്ടപ്പെട്ടവരെ പ്രഭാഷണത്തിന് നിയോഗിച്ചത് ചില ഭക്തജനങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് സേവാസമിതിയുടെ മേല്‍ പഴിചാരുന്നത് തീര്‍ത്തും അപലപനീയമാണ് .
അവഹേളനങ്ങളും തിരസ്‌കാരങ്ങളും നേരിടേണ്ടി വന്നെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയാണ് ക്ഷേത്രം എന്ന് വിശ്വസിക്കുന്ന സേവാസമിതി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉന്നമനത്തിനു വേണ്ടി ടി. ടി. കെ. ദേവസ്വവുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും തയ്യാറാണ്.
ഇനി സേവാസമിതിയെ ഒഴിവാക്കി ദേവസ്വം മുന്നോട്ടു പോകുകയാണെങ്കില്‍ പോലും കഴിഞ്ഞ 46 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത് പോലെ തൃച്ചംബരത്തപ്പന്റെയും ഭക്തജങ്ങളുടെയും സേവകരായി തൃച്ചംബരം ക്ഷേത്രത്തിന്റെ പുരോഗതിക്കും, ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് തൃച്ചംബരത്തപ്പന്റെ ഈ പുണ്യ ദേശത്തുതന്നെ ശ്രീകൃഷ്ണ സേവാസമിതി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന് സവിനയം അറിയിക്കുന്നു. നാളിതുവരെ സേവാസമിതിക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തുനല്‍കിയ തൃച്ചംബരത്തപ്പന്റ കടാക്ഷവും നല്ലവരായ ഭക്തജങ്ങളുടെ പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.