തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസു, കള്ളക്കേസാണ്-ജാമ്യമെടുക്കില്ലെന്ന് ജോസ് തോണിക്കുഴി

2019 മാര്‍ച്ച് 29 ന് നടന്ന സംഭവത്തിലാണ്ജോസ് തോണിക്കുഴിയെ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസുവായി തോണിക്കുഴി ജോസ്.

കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട്‌കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യമെടുക്കില്ലെന്ന പിടിവാശിയില്‍.

പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കില്ലെന്ന് വ്യക്തമാക്കിയത്.

2019 മാര്‍ച്ച് 29 ന് കീഴാറ്റൂരിലെ പി.പ്രകാശനെ തടഞ്ഞുനിര്‍ത്തി കൈ കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചതായാണ് ജോസ്‌തോണിക്കുഴിയുടെ പേരിലുള്ള കേസ്.

രാഷ്ട്രീയവൈരാഗ്യം കാരണം തന്നെയും കുടുംബത്തേയും പീഡിപ്പിക്കുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയ ജോസ് നേരത്തെ പോലീസ് സ്‌റ്റേഷന് മുന്നിലും നഗരസഭാ ഓഫീസിലും സത്യാഗ്രഹ സമരവും നടത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്നെയും കുടുംബത്തേയും സി.പി.എമ്മുകാര്‍ പലവിധത്തില്‍ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതായാണ് ഇദ്ദേഹം ആരോപിക്കുന്നത്.

ഇന്നലെ കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരായിരുന്നുവെന്നും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിച്ചശേഷം ക്ഷീണം കാരണം ഉറങ്ങിപ്പോയെന്നുമാണ് ജോസ് പറയുന്നത്.

ഇന്ന് രാവിലെയാണ് പോലീസ് വീട്ടിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

താന്‍ ജാമ്യമെടുക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച ജോസ് പറയുന്നത്.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് നോതാവ് കുഞ്ഞമ്മ തോമസിന്റെ ഭര്‍ത്താവാണ് ജോസ് തോണിക്കുഴി.