അപ്പീല്‍-ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ്-
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയും അപ്പീല്‍ നല്‍കിയത്.
ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു.
കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടത് നിയമപരമല്ല, തെളിവുകള്‍ കൃത്യമായി പരിശോധിക്കപ്പെട്ടില്ല തുടങ്ങിയ വാദങ്ങള്‍
ഉന്നയിച്ചാണ് സര്‍ക്കാരും കന്യാസ്ത്രീയും അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വേനലവധിക്ക് ശേഷമായിരിക്കും ഹൈക്കോടതി ഈ ഹര്‍ജികളില്‍ വിശദമായ വാദംകേള്‍ക്കുക.
ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസരവും ഉണ്ടാകും.