ആട് പ്രശ്‌നം-അയല്‍ക്കാരനെ ആക്രമിച്ച ഉമ്മക്കും മകനുമെതിരെ കേസ്.

തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ ആട് മുഖം കുത്തിയതിന് വീടിന് നേരെ ആക്രമം, ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു.

ഉമ്മയുടെയും മകന്റെയും പേരില്‍ പോലീസ് കേസെടുത്തു.

ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന്‍ റിനാസ് എന്നിവരുടെ പേരിലാണ് കേസ്.

ജൂണ്‍ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം.

പയ്യന്നൂര്‍ കൊക്കാനിശ്ശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില്‍ താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്.ഇഷാക്കിന്റെ(59)പരാതിയാലാണ് കേസ്.

ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടുപോകുകയായിരുന്ന ബക്കറ്റിലേക്ക്  മുഖം കുത്തി എന്നതിന്റെ പേരില്‍ ആരംഭിച്ച വഴക്കിനിടയില്‍ വീടിന്റെ

ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.