മൂന്ന് നില 106 പേര്‍ക്ക് താമസിക്കാം– പരിയാരത്ത് ആശ്വാസ് വാടകവീട്-മന്ത്രി തറക്കല്ലിട്ടു.
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനായുള്ള ആശ്വാസ് വാടകവീട് നിര്‍മ്മാണം തുടങ്ങി.
ശിലാസ്ഥാപനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.
കേരളത്തിലെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എം.വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളേജ് കാമ്പസ്സില്‍ 106 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 3 നില കെട്ടിടം പണിയും.
6 കോടി രൂപയാണ് വകയിരുത്തിയത്. മൂന്നു നിലകള്‍ ഉള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 10 ബാത്ത് അറ്റാച്ച്ഡ് മുറികളും, രണ്ട് ലെവലിലായി 8 കിടക്കകളുള്ള ഒരു ഡോര്‍മിറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും, രണ്ടു ലെവലിലായി 64 കിടക്കകളുളള ഒരു ഡോര്‍മിറ്ററിയും രണ്ടാം നിലയില്‍ 12 ബാത്ത് അറ്റാച്ച്ഡ് മുറികളുമാണുളളത്.
106 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാകും. കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 1787.34 ച.മീറ്ററാണ്.
മെഡിക്കല്‍ കോളേജിന്റ ഉടമസ്ഥതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഹൗസിംഗ് കമ്മീഷണര്‍ എന്‍.ദേവിദാസ് ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ്, ഭവന നിര്‍മാണ ബോര്‍ഡ് അംഗം കാരായി രാജന്‍, സി.എം.കൃഷ്ണന്‍, ടി.തമ്പാന്‍, ടി.സുലജ, ഡോ.കെ സുദീപ്, വി.എ.കോമളവല്ലി, കെ.പത്മനാഭന്‍,
വേലിക്കാത്ത് രാഘവന്‍, ടി.രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പി.സുനീര്‍ സ്വാഗതവും ചീഫ് എഞ്ചിനീയര്‍ കെ.പി.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
