തൃശൂരിലെ എ.ടി.എം കവര്‍ച്ചക്കാര്‍ നാമക്കലില്‍ പിടിയില്‍-ഒരാള്‍ വെടിയേറ്റു മരിച്ചു.
ചെന്നൈ: തൃശൂരിലെ മൂന്ന് എടിഎമ്മുകള്‍ കവര്‍ച്ച ചെയ്ത കൊള്ളസംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലില്‍ നിന്നാണ് കവര്‍ച്ചാ സംഘത്തെ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ തസ്‌കരസംഘമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസും കൊള്ളസംഘവുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസിന്റെ വെടിവെപ്പില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു.
ആറംഗ സംഘമാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ഇവരെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കോയമ്പത്തൂര്‍ വഴി ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി തൃശൂര്‍ പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം തമിഴ്നാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് പിന്തുടര്‍ന്നതോടെ കവര്‍ച്ചാസംഘം പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊലീസും തിരിച്ചടിച്ചു. ഇതേത്തുടര്‍ന്ന് ഇറങ്ങിയോടിയ സംഘത്തെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. തൃശൂരില്‍ മൂന്നിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലായിരുന്നു കവര്‍ച്ച നടത്തിയത്. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.