അറുക്കും, വീട്ടിന്റെ മുന്നില്‍ നിന്ന് അറുക്കും–ചോദ്യംചെയ്ത ഗൃഹനാഥന് മര്‍ദ്ദനം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ്-

തളിപ്പറമ്പ്: വീട്ടിന് മുന്നില്‍ പോത്തിനെ അറുത്ത് വില്‍പ്പന നടത്തിയത് ചോദ്യംചെയ്ത ഗൃഹനാഥനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഭാര്യയേയും മക്കളേയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കുറുമാത്തൂരിലെ ഉമ്മര്‍ഹാജി, മുസ്തഫ പൂമംഗലം, സലാം മാസ്റ്റര്‍, മേമി, മുസ്തഫ ചാക്കന്റകത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.

11 ന് തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊക്കുണ്ടിലെ മുലക്കല്‍ പുതിയപുരയില്‍ വീട്ടില്‍ (ഹമാസ് വില്ല) എം.പി.ഹാരിസിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഹാരിസിന്റെ വീട്ടിന് മുന്നില്‍ വെച്ച് പ്രതികള്‍ പോത്തിനെ കശാപ്പ്‌ചെയ്ത് വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തിനെ തുടര്‍ന്നായിരുന്നു ആക്രമം.

അശ്ലീലഭാഷയില്‍ ചീത്തവിളിച്ച സംഘത്തിലെ മുസ്തഫ പൂമംഗലം കുട കൊണ്ട് അടിച്ചപ്പോള്‍ വീട്ടിലേക്ക് ഓടിക്കയറിയ ഹാരിസിനെ പിന്നാലെയെത്തി മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തേക്ക് വന്ന് തടയാന്‍ ശ്രമിച്ച ഭാര്യയേയും മക്കളേയും കുട, കല്ല്, വടി എന്നിവകൊണ്ട് സംഘം ആക്രമിക്കാന്‍ ശ്രമിച്ചതായായും പരാതിയില്‍ പറയുന്നു.

ബക്രീദിന് മുമ്പായി പ്രതികള്‍ തന്റെ വീട്ടിന് മുന്നില്‍ വെച്ച് അറവ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹാരിസ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇരുവിഭാഗത്തേയും സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്‌നങ്ങള്‍ പോലീസ് പരിഹരിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായാണ് ബക്രീദിന്റെ പിറ്റേദിവസം പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ഹാരിസിന്റെ വീട്ടിന് മുന്നില്‍ വെച്ച് അറവ് നടത്തിയതും ചോദ്യംചെയ്ത ഹാരിസിനെ മര്‍ദ്ദിച്ചതും.

ചട്ടങ്ങള്‍ ലംഘിച്ച് കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.