പോളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം-മൂന്നുപേര്‍ അറസ്റ്റില്‍.

പരിയാരം: പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

വിളയാങ്കോട് സ്വദേശികളായ ഫെബിന്‍, റോബിന്‍, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരെയാണ് ഇന്നലെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരാണ്.

വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇന്നലെ വൈകുന്നേരം നാലരയോടെ ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലേക്ക് പോകവെ നേരത്തെ ഉണ്ടായ കശപിശയുടെ പേരില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

അഭിനവ്(19), യദു(19), വിനായക്(19) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

പോളിടെക്‌നിക്ക് കോളേജിന് സമീപത്താണ് ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

നൂറുകണക്കിന് തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. ഉച്ചയോടെ നിര്‍മ്മാണകമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ കയ്യേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു.

ഇതിന്റെ പ്രതികാരമായി കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. സംഘട്ടനം നടക്കുന്ന വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു.