ചികില്‍സ ഫലിച്ചില്ല എന്നാരോപിച്ച് വംശീയവൈദ്യരെ അധിക്ഷേപിച്ച മട്ടന്നൂര്‍ കേരറ്റ സ്വദേശികളുടെ പേരില്‍ കേസ്.
കള്ളാര്‍: ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ മട്ടന്നൂര്‍ കേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കള്ളാറിലെ പ്രശസ്ത പാരമ്പര്യ വൈദ്യരായ മാലക്കല്ല് കപ്പള്ളിയിലെ ചിങ്ങം വൈദ്യരുടെ മകന്‍ ദാമോദരന്‍ സി.വൈദ്യരുടെ(53) പരാതിയിലാണ് കേസ്.
കരേറ്റ താളിക്കാട് വീട്ടില്‍ വി.എം.ദീപ(42), ഭര്‍ത്താവ് സുധീഷ്, ദീപയുടെ ബന്ധു, ബിജീഷ്, ദീപയുടെ സഹോദരന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കെതിരെയമാണ് കേസ്.
ഇക്കഴിഞ്ഞ ജൂണ്‍-6 ന് ഉച്ചക്ക് 12 നാണ് കേസിനാപദമായ സംഭവം നടന്നത്. കള്ളാറില്‍ ചികില്‍സ നടത്തിവരുന്ന വൈദ്യരുടെ വംശീയ വൈദ്യശാലയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ ചികില്‍സ തേടിയെത്തിയ നിരവധിപേരുടെ മുന്നില്‍ വെച്ച് ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് പാരമ്പര്യ ചികില്‍സാ രീതികളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയും വൈദ്യരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കേസന്വേഷിച്ച രാജപുരം സീനിയര്‍ സി.പി.ഒ ഫിലിപ്പ്‌തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്.
