ആയിപ്പുഴ പെണ്‍വാണിഭക്കേസ് 2-ാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: വിവാദമായ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

പടിയൂര്‍ പെടയങ്ങോട്ടെ കുണ്ടന്‍ കുളുക്കുമ്മ വീട്ടില്‍(മാങ്ങാടന്‍ പുതിയപുരയില്‍) മുഹമ്മദിന്റെ മകന്‍ സക്കരിയ്യയെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

വിവാദമായ കേസില്‍ 2008 ലായിരുന്നു സംഭവം നടന്നത്.

12 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പ്രതികളെ തലശേരി കോടതി ശിക്ഷിച്ചിരുന്നു.

ഇവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

സംഭവം നടന്ന് ഒരാഴ്ച്ചക്കകം പ്രതി സക്കരിയ്യ വിദേശത്തേക്ക് കടക്കുകയായിരുന്നു.

2024 സപ്തംബറില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

തുടര്‍ന്ന് റിമാന്‍ഡിലായ പ്രതി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ വിധി പറഞ്ഞുകൊണ്ട് മൂന്ന് മാസത്തിനകം കേസ് വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അത് പ്രകാരം 2025 ഏപ്രിലില്‍ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി മുമ്പാകെ എത്തിയ കേസില്‍ ജൂണ്‍ 10 നകം വിധി പ്രസ്താവിക്കേണ്ടതുണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോയതിന് 5 വര്‍ഷവും ബലാല്‍സംഗം ചെയ്തതിന് 10 വര്‍ഷവുമാണ് ശിക്ഷ.

അന്നത്തെ മട്ടന്നൂര്‍ സി.ഐ വി.എന്‍.വിശ്വനാഥന്‍, എസ്.ഐ പി.കെ.മണി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

പറശിനിക്കടവിലെ തായ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നത്.