അയോധ്യയിലെത്തി തൊഴുതശേഷം അവിടെ നിന്ന് വാങ്ങുന്ന ചെരുപ്പ് ശ്രീധരന്‍ ധരിക്കും.
തളിപ്പറമ്പ്: അയോദ്ധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞു. പട്ടുവം മുറിയാത്തോട് മാധവ നഗറിലെ അയോദ്ധ്യാ ശ്രീധരനെന്ന ചേണിച്ചേരി ശ്രീധരന് ഇനി ചെരുപ്പ് ധരിക്കാം.
1992-ല്‍ അയോദ്ധ്യയിലെത്തിയ പട്ടുവത്തെ ഏക കര്‍സേവകനാണ് ശ്രീധരന്‍. 32-ാം വയസില്‍ മിനാരങ്ങളുടെ ചീളുകളില്‍ തട്ടി ചെരുപ്പും കാല്‍പ്പാദങ്ങളും മുറിഞ്ഞപ്പോള്‍ മനസിലുറപ്പിച്ചതാണ് അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നത് വരെ ഇനി പാദരക്ഷ ഉപയോഗിക്കുകയില്ലെന്ന്.
എട്ട് ദിവസം അയോദ്ധ്യയില്‍ തങ്ങി കര്‍സേവയില്‍ പങ്കെടുത്ത് തിരിച്ചെത്തിയത് മുതല്‍ ശ്രീധരന്‍ അയോദ്ധ്യാ ശ്രീധരനായി നാട്ടില്‍ അറിയപ്പെടുകയായിരുന്നു.
അന്നുമുതല്‍ ശ്രീധരന്‍ ചെരുപ്പ് ഉപയോഗിച്ചിട്ടുമില്ല. കല്ലിലും മുള്ളിലുമായി ജോലി ചെ യ്യുമ്പോഴൊക്കെ പലപ്പോഴും കുപ്പി കഷ്ണങ്ങളും മള്ളുകളും കാലില്‍ കയറിയിട്ടുണ്ട്.
കൂടെയുള്ള പണിക്കാര്‍ ഗംബൂട്സ് ധരിച്ചു കിളക്കുമ്പോഴൊക്കെ ശ്രീധരനെ കളിയാക്കും.
ക്ഷേത്ര മൊരുങ്ങിയിട്ട് ഇനി ചെരുപ്പ് ധരിക്കുമോയെന്ന് ചോദിച്ചവരുണ്ട്. ജീവനോടെ അയോദ്ധ്യയില്‍ നിന്നു മടങ്ങിവന്നാല്‍ വിവാഹം എന്ന തീരുമാനവും നേരത്തെ ശ്രീധരന്‍ എടുത്തതാണ്.
അയോദ്ധ്യയില്‍ നിന്ന് തിരിച്ചെത്തിയാണ് ശ്രീധരന്‍ വിവാഹവും ചെയ്തത്.
മകന്‍ കൃഷ്ണപ്രസാദ് പ്രതിഷ്ഠാദിവസം പ്രദേശത്ത് പായസദാനം നടത്തിയിരുന്നു.
അടുത്തു തന്നെ അയോദ്ധ്യാ സന്ദര്‍ശനത്തിന്റെ ദിവസം കുറിക്കാനാണ് ശ്രീധരന്റെ തീരുമാനം.
പാദരക്ഷ അയോദ്ധ്യയില്‍ നിന്നുതന്നെ വാങ്ങി ധ രിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.