പരിയാരം ഗവ.ആയുര്‍വേദ കോളേജിന്റെ വികസനം: സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയം: ടി.വി. രാജേഷ്.

പരിയാരം: ആയുര്‍വേദത്തിന്റെ സമഗ്രാരോഗ്യ നയങ്ങള്‍ വടക്കേ മലബാറിലെ ജനങ്ങളിലെത്തിക്കാന്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ ഏറെ വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്.

പുതിയ അധ്യാപക തസ്തികകളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും അനുവദിക്കപ്പെടേണ്ടതുണ്ട്.

കാമ്പസിനായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് അക്കാഡമിക് ബ്ലോക്ക്, മാനസികാരോഗ്യ കേന്ദ്രം, കണ്ണാശുപത്രി തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

അഖില കേരള ഗവ. ആയുര്‍വേദ കോളേജ് അധ്യാപക സംഘടന കണ്ണൂര്‍ യൂണിറ്റിന്റെ സമ്മേളനം കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി.വി.രാജേഷ്.

ചടങ്ങില്‍ ഡോ.എസ്.ഗോപകുമാര്‍, ഡോ.പി.ആര്‍. ഇന്ദുകല, ഡോ.പി.ബെനഡിക്ട്, ഡോ.പി. എം.മധു, ജയ്‌മോഹന്‍ സി.നാഥ്, ജയകൃഷ്ണന്‍, ഡോ.പി.സന്ദീപ്, ഡോ.പി.സന്തോഷ്, കോളിന്‍ റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.

പുതിയ യൂനിറ്റ് പ്രസിഡണ്ടായി ഡോ.എസ്. ഷീലയെയും സെക്രട്ടറിയായി ഡോ.എസ്.വിനുരാജിനെയും തെരെഞ്ഞെടുത്തു.

 

ആയുസ്സിനൊരു മരവുമായി ആയുര്‍വേദ കോളേജ് ഡോക്ടര്‍മാര്‍

 

പരിയാരം:പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ആരോഗ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ ഔഷധ സസ്യങ്ങളും മരങ്ങളും നട്ടുനനച്ച് വളര്‍ത്താനുള്ള സന്ദേശവുമായി ആയുര്‍വേദ കോളേജിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും. ജൂണ്‍ മാസം മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി മരങ്ങളുടെ തൈകളാണ് ഇപ്പോള്‍ തയ്യാറാക്കി വെയ്ക്കുന്നത്. അധ്യാപക സംഘടനയുടെ യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍, ടി.വി.രാജേഷിന് ഒരു തൈ നല്‍കിക്കൊണ്ട് പദ്ധതിയുടെ ആരംഭം കുറിച്ചു. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.