പരിയാരം സ്‌കൂളിലെ എസ്.എഫ്.ഐ. ബാനര്‍ വിവാദം: കോണ്‍ഗ്രസ് തിരക്കഥയില്‍ കെട്ടിച്ചമച്ചത്.-സി.പി.ഐ.(എം)

പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശന കവാടത്തിലെ ബോര്‍ഡ് എസ്.എഫ്.ഐ. ബാനര്‍ ഉപയോഗിച്ച് മറച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന് സി.പി.എം.

സ്‌കൂളില്‍ പ്രവേശനോത്സവ സമയത്ത് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാഗത ബാനറുകള്‍ കാമ്പസിന് പുറത്ത് സ്ഥാപിക്കുന്നത് പതിവ് രീതിയാണ്.

ഇത്തവണയും എസ്.എഫ് ഐയും കെ.എസ്.യു, എം.എസ്.എഫ് സംഘടനകളും ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്.

യാതൊരു തടസവും എസ്.എഫ് ഐ ബാനര്‍ കൊണ്ട് സ്‌കൂളിന് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ജൂലൈ 10 നാണ് സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

തലേ ദിവസം തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിനോട് ചേര്‍ന്ന് സ്വാഗത ബാനര്‍ സ്ഥാപിച്ചിരുന്നു.

ഇന്നേ ദിവസം വരെ കൃത്യമായി പറഞ്ഞാല്‍ ഒരാഴ്ചക്കാലം ബാനറിന്റെ പേരില്‍ യാതൊരു പരാതിയോ വിവാദമോ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇന്നലെ ജൂലൈ 16-ന് ഞായറാഴ്ച സ്‌കൂളില്‍ വെച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കുടുംബസംഗമം നടന്നിരുന്നു.

അതിന്റെ ഭാഗമായി വന്നു ചേര്‍ന്നവര്‍ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമായാണ് എസ്.എഫ്.ഐ ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്‌കൂളിന്റെ പ്രവേശന ബോര്‍ഡിലേക്ക് മാറ്റി സ്ഥാപിച്ച് വാര്‍ത്ത സൃഷ്ടിച്ചത്.

ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എസ്.എഫ്.ഐയെ അവഹേളിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹവും രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതുമാണെന്ന് സി.പി.ഐ.(എം) പരിയാരം ലോക്കല്‍ സിക്രട്ടറി എം.ടി. മനോഹരന്‍ അറിയിച്ചു..