അന്വേഷിച്ചു, കണ്ടെത്തിയില്ല-സ്വന്തമായി നിര്‍മ്മിച്ച് രാജ്യത്തിന് മാതൃകയായി ബഷീര്‍ പാണപ്പുഴ.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: അന്വേഷിച്ചിട്ടും കണ്ടെത്താത്ത സാധനം സ്വയം നിര്‍മ്മിച്ച് ഭിന്നശേഷിക്കാരനായ ബഷീര്‍ പാണപ്പുഴ രാജ്യത്തിന് മാതൃകയായി.

വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനത്തിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെയാണ് അത് സ്വയം നിര്‍മ്മിച്ചത്.

വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ ഒട്ടോമാറ്റിക്ക് റാമ്പിലൂടെ വീല്‍ചെയറുമായി വാഹനത്തില്‍ കയറുവാനു ഇറങ്ങുവാനും ഓടിക്കാനും സാധിക്കുന്നതാണ് ഈ വാഹനം.

റാമ്പില്ലാത്ത സ്ഥലത്ത് പോലും ഇറങ്ങാനും കയറാനും കഴിയും.

കൂടാതെ ഭിന്നശേഷിക്കാര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളും മറ്റും വില്‍പ്പന നടത്താനും കഴിയും.

കൂടാതെ കൈകള്‍ക്ക് സ്വാധീനമില്ലാവര്‍ക്ക് പിറകില്‍ വില്‍ചെയറില്‍ ഇരുന്ന് മറ്റൊരാളുടെ സഹായത്തോടെ യാത്ര ചെയ്യാനും ഷോപ്പിങ്ങിനും മറ്റും സാധിക്കുന്ന രീതിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

30 വര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന ബഷീര്‍ ഇങ്ങനെയുള്ള ഒരു വാഹനത്തിന് വേണ്ടി ഇന്ത്യയിലുടനീളം അന്വേഷിച്ചിരുന്നു.

മാതമംഗലം ഹൈസ്‌ക്കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ചുകാരനായ ബഷീര്‍ തുടര്‍ന്ന് പ്രീഡിഗ്രിക്ക് തളിപ്പറമ്പ് സര്‍സയിദ് കോളേജിലും ഒഴിവുനേരത്ത് ഇലക്ട്രോണിക്‌സ് റിപ്പയറിങ്ങിലും പ്രാവണ്യം നേടിയിരുന്നു.

അതിനു ശേഷം ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് ഡിപ്ലോമക്ക് കണ്ണൂരില്‍ പഠിക്കുന്ന കാലത്താണ് നാട്ടിലെ സുഹൃത്തുക്കളുമായി ഊട്ടി-കൊടൈക്കനാല്‍ യാത്രപോയി വരുന്ന അവസരത്തില്‍ പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ച് നടന്ന അപകടത്തെ തുടര്‍ന്ന് നട്ടെല്ല് പൊട്ടി സുഷ്മന നാഡിക്ക് ക്ഷതം സംഭവിച്ച് ജീവിതം വീല്‍ ചെയറിലായത്.

വീല്‍ ചെയറിലിരുന്ന് കഴിഞ്ഞ 15 വര്‍ഷമായി ഇലക്ട്രോണിക്‌സ്- ഇലക്ടിക്കല്‍ റിപ്പേറിംഗ് ജോലികള്‍ നടത്തിവരികയാണ് ബഷീര്‍.

യാത്രയില്‍ സംഭവിച്ച അപകടത്തില്‍ വീല്‍ചെയറിലായിട്ടും പിന്നീടും യാത്രകള്‍ ഹരമായി മാറ്റുകയായിരുന്നു ബഷീര്‍.

വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നെ ഇന്ത്യയുടെ നാനാഭാഗത്തും വിദേശത്തുമായി നിരവധി യാത്രകള്‍ നടത്തി.

അടുത്തകാലത്താണ് സാധാരണക്കാര്‍ക്ക് പോലും ശ്വശ്വസിക്കാന്‍ പ്രയാസം നേരിടുന്ന ലഡാക്ക, കര്‍ത്തുംലാപാസ്, പാഗോംങ് ലേക്ക്, കശ്മീര്‍ എന്നിവിടങ്ങളിലേക്കും വാഗാ ബോര്‍ഡര്‍, ജയ്പൂര്‍, താജ്മഹല്‍, മുബൈ യാത്രപോയത്.

യാത്രക്കാരുടെ കൂട്ടായ്മയായ സഫാരിയില്‍ അംഗമായ ബഷീര്‍ ഡ്രീം റൈഡേഴ്‌സ് കണ്ണൂര്‍ എന്ന ഭിന്ന ശേഷിക്കാരുടെ യാത്രകൂട്ടായ്മ ഉണ്ടാക്കി പുറംലോകം കാണാത്തവവരുമായി പലസ്ഥലങ്ങളിലും യാത്ര നടത്തുകയുണ്ടായി.

ഭിന്നശേഷി സംഘടനയായ വീല്‍ ചെയര്‍ യുസേര്‍ഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാഹനം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ഡല്‍ഹി, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങില്‍ നിന്നും ശേഖരിച്ച് സുഹൃത്തായ പാണപ്പുഴയിലെ വെല്‍ഡിംഗ് ഷോപ്പ് ഉടമ അഭിലാഷിന്റെ സഹായത്തോടെയാണ് നിര്‍മ്മാണ ജോലി ആരംഭിച്ചത്.

ഇലക്ട്രോണിക്‌സ് പഠിച്ചതും മെക്കാനിക്കല്‍ രംഗത്തോട് ചെറുപ്പത്തിലേ ഉണ്ടായിരുന്ന കമ്പവും കാര്യം വളരെ എളുപ്പമാക്കി.

ഏകദേശം ഒരുലക്ഷത്തോളം രൂപയാണ് ഇതിന് ചെലവുവന്നതെന്ന് ബഷീര്‍ പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാക്കുമ്പോള്‍ ചെലവ് കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ അംഗീകാരവും ലഭിക്കേണ്ടതായിട്ടുണ്ട്.