21 ദിവസം പ്രായമായ കുഞ്ഞിന് മരുന്നുമാറി കുത്തിവെപ്പ് നടത്തി-

തളിപ്പറമ്പ്: ബി.സി.ജി കുത്തിവെപ്പിന് പകരം മരുന്നുമാറി കുത്തിവെപ്പ് നടത്തിയതായി പരാതി.

കരുവന്‍ചാലിലെ എം.രാമചന്ദ്രന്‍ ഗുരുക്കളാണ് പത്രസമ്മേളനത്തില്‍ ഉദയഗിരി പി.എച്ച്.സി അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.

മകള്‍ അമൃത പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് BCG കൊടുക്കുവാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് ഗുരുക്കള്‍ വ്യക്തമാക്കിയത്.

      ആലക്കോട് പഞ്ചായത്തിലെ തേര്‍ത്തല്ലി PHC യിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ വച്ച് 11-02-22 ന് കൊടുക്കുന്നുണ്ടായിരുന്നു.

12.30 ന് ഞങ്ങള്‍ കുഞ്ഞുമായി ചെന്ന് ബി.സി.ജി എടുക്കുവാന്‍ കാര്‍ഡ് കൊടുത്തു. 22-01-22 ന് മാങ്ങാട്ട് ഇ.കെ.നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ വച്ചാണ് പ്രസവം നടന്നത്.

23-01-22 ന് എടുക്കേണ്ട ബി.സി.ജി കോവിഡാനന്തരം 2 ആഴ്ചയ്ക്കു ശേഷം അടുത്തുള്ള PHC യില്‍ നിന്ന് എടുക്കാന്‍ നിര്‍ദ്ദേശിച്ചാണ് അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

അതുപ്രകാരമാണ് ഇവര്‍ തേര്‍ത്തല്ലി PHC യെ സമീപിച്ചത്. ഞങ്ങള്‍ BCG നല്‍കുവാന്‍ ആവശ്യപ്പെട്ടിട്ട് അത് നല്‍കാതെ പകരം 3 വാക്‌സിന്‍ കുത്തിവെക്കുകയും 2 തരം തുള്ളിമരുന്ന് കുഞ്ഞിനു മാറി നല്‍കുകയും ചെയ്തു.

കുഞ്ഞ് അപ്പോള്‍ തന്നെ മയങ്ങി ബോധം നഷ്ടപ്പെട്ട നിലയിലായി. (പെന്റവാലന്റ വാക്‌സിന്‍ opv+, IPV യും 2 തരം തുള്ളിമരുന്ന് ) എന്നിവയാണ് നല്‍കിയത്.

ഞങ്ങള്‍ ആവശ്യപ്പെട്ട BCG നല്‍കിയുമില്ല. സാധാരണ നിയമനുസൃതമായി 45-ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് രണ്ടാം ഘട്ടത്തില്‍ എടുക്കേണ്ട മരുന്നാണ് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനു കുത്തിവെച്ചത്.

ഇന്‍ജെക്ഷന്‍ ചെയ്തവര്‍ കുഞ്ഞു മയങ്ങി പോയപ്പോഴാണ് ഞങ്ങളോട് കുഞ്ഞിന്റെ പ്രായം ചോദിച്ചതും 45 ദിവസത്തിനു ശേഷം കൊടുക്കേണ്ട മരുന്നാണ് കൊടുത്തതെന്നും മരുന്ന് മാറിപോയതാണെന്നും പറഞ്ഞത്.

ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ചീത്തവിളിക്കുകയും പരിഹസിക്കുകയും ചെയ്തു. ഞങ്ങളുടെ രേഖയില്‍ (ഹെല്‍ത്ത് ബുക്കില്‍ ) തിരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ ബുക്ക് കൈവശപ്പെടുത്തി.

ബുക്കിലെ രേഖകള്‍ മൊബൈലില്‍ ഫോട്ടോയും വീഡിയോയും എടുത്തപ്പോള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു.

അവശനിലയിലായ കുഞ്ഞിനെ ഞങ്ങള്‍ വേറെ ഡോക്ടറെ കാണിച്ചു. 72 മണിക്കൂര്‍ നിരീക്ഷണം നടത്തുവാനാവശ്യപ്പെട്ട് മരുന്നും നല്‍കി. കുഞ്ഞിനു ഇപ്പോഴും അസ്വസ്ഥതകള്‍ വിട്ടു മാറിയിട്ടില്ല.

ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍, PHC ജീവനക്കാര്‍ ( പുരുഷനും സ്ത്രീകളും ) ഉത്സവപറമ്പില്‍ എന്ന പോലെ കളിയും ചിരിയും തമാശപറച്ചിലും മൊബൈലില്‍ വീഡിയോ കണ്ടുരസിക്കുകയുമായിരുന്നു.

നവജാത ശിശുക്കളുടെ പരിപാലനത്തിനായി നിയോഗിക്കപെട്ടവര്‍ നിരുത്തരവാദത്തോടും അശ്രദ്ധമൂലവും മരുന്നു മാറി കുത്തിവച്ചതിനാല്‍ ഞങ്ങളുടെ കുഞ്ഞിന് നിലവിലും ഭാവിയിലും ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇരുവരും, ഇവരെ നിയോഗിച്ച മേല്‍ അധികാരികളും ഉത്തരവാദികളാണ്.

കുറ്റക്കാരായ ഇവര്‍ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, D. M. O, കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, ജില്ലാ പോലീസ് മേധാവി, സ്ഥലം പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു.

ടി.സുബൈര്‍, ടോമി വിറകുടിയനാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.