കിടക്കനിര്‍മ്മാണ ഫാക്ടറി കത്തിനശിച്ചു, 20 ലക്ഷം രൂപ നഷ്ടമെന്ന് പ്രാഥമികനിഗമനം.

തൃക്കരിപ്പൂര്‍: ഇളമ്പച്ചിയില്‍ ഖാദിബോര്‍ഡിന്റെ കിടക്കനിര്‍മ്മാണയൂണിറ്റ് കത്തിനശിച്ചു, 20 ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം.

ഇന്ന് പുലര്‍ച്ചെ 12.30നാണ് സംഭവം നടന്നത്.

രാത്രിയില്‍ പെയത് കനത്ത മഴയിലും ഇടിമിന്നലിലും ഷോര്‍ട്ട് സര്‍ക്യൂട്ട്കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം.

തൃക്കരിപ്പൂര്‍ അഗ്നിശമനനവിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഗണേശന്‍ കിണറ്റുംകര എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പിന്നീട് പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും സ്ഥലത്തെത്തി.

കിടക്കനിര്‍മ്മാണത്തിനാവശ്യമായ പഞ്ഞിയും മറ്റ് അനുബന്ധസാമഗ്രികളും സൂക്ഷിച്ച ഗോഡൗണിന്റെ മേല്‍പ്പുര ഉള്‍പ്പെടെ പൂര്‍ണമായും തീപിടുത്തത്തില്‍ നശിച്ചു.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരത്തിലേറെ കിടക്കകകള്‍ സൂക്ഷിച്ച ഗോഡൗണിലേക്ക് തീപടരുന്നത് അഗ്നിശമനസേനയുടെ കഠിനപ്രയത്‌നം മൂലം തടയാന്‍ സാധിച്ചു.

അഗ്നിശമനസേന അഞ്ച് മണിക്കൂറിലേറെ പ്രയത്‌നിച്ച് പുലര്‍ച്ചെ 5.45 നാണ് തീ പൂര്‍ണമായും കെടുത്താന്‍ സാധിച്ചത്.

തൃക്കരിപ്പൂര്‍ നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഭഗത്, വിഷ്ണു, അഖില്‍, ഡ്രൈവര്‍മാരായ അര്‍ജുന്‍, ഉന്‍മേഷ് എന്നിവരും

പയ്യന്നൂരില്‍ നിന്നെത്തിയ ധനേഷ്, സത്യന്‍, വിഷ്ണു, ഹോംഗാര്‍ഡ് പ്രഭാകരന്‍ എന്നിവരും തീകെടുത്തിയ സംഘത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.