പരിയാരത്ത് അക്കാദമിക് രംഗത്തെ അപൂര്‍വ്വ കൂടിക്കാഴ്ച്ച-ബെസ്റ്റ് ടീച്ചര്‍മാര്‍ കണ്ടുമുട്ടി.
പരിയാരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ അക്കാദമിക് രംഗത്തെ അപൂര്‍വ കൂടിക്കാഴ്ച നടന്നു.
പാലിയേറ്റീവ് കെയര്‍-ഗവേഷണ വിഷയത്തിലുള്ള ചര്‍ച്ചക്കായാണ് ഗവ.ആയുര്‍വേദ കോളേജിലെ ഒരു സംഘം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ കാണാനെത്തിയത്.
എന്നാല്‍ ഈ വേദി മെഡിക്കല്‍- ആയുര്‍വേദ വിഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ കേരളത്തിലെ മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചാ വേദിയായി മാറി എന്നതാണ് അപൂര്‍വത.
കഴിഞ്ഞദിവസമാണ് കേരളാ ആരോഗ്യ സര്‍വകലാശാലാ ബെസ്റ്റ് ടീച്ചര്‍-2024 പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ഈ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന, നിലവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായ ഡോ സൈറു ഫിലിപ്പിനേയും
ആയുര്‍വേദ വിഭാഗത്തില്‍ നിന്നും പരിയാരം ഗവ.ആയുര്‍വേദ കോളേജിലെ ക്രിയാശാരീരം വിഭാഗത്തിലെ അസോ.പ്രൊഫസറായ ഡോ കെ പ്രദീപിനെയും ആയിരുന്നു.
ഔദ്യോഗികചര്‍ച്ചാ വേദിയങ്ങനെ, അധ്യാപക പുരസ്‌ക്കാര ജേതാക്കള്‍ പങ്കെടുത്ത വേദിയുമായി മാറി.
നാളെ ഡിസംബര്‍ 6 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും പുരസ്‌ക്കാരം ഏറ്റുവാങ്ങും.