ബി.ജെ.പി കൊടി മോഷ്ടിച്ച് പരസ്യമായി കത്തിച്ചു-രണ്ടുപേര്‍ അറസ്റ്റില്‍-

പരിയാരം: ബി.ജെ.പി.യുടെ കൊടി മോഷ്ടിച്ച് പൊതുസ്ഥലത്ത് കത്തിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

പിലാത്തറ സി.എം.നഗറിലെ ആയില്യം ഹൗസില്‍ ശരത്ചന്ദ്രന്‍(29), പിലാത്തറ ചെറുതാഴത്തെ ജിഷ്ണു ലക്ഷ്മണന്‍ (28) എന്നിവരെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തത്.

17 ന് പുലര്‍ച്ചെ 4.45 നായിരുന്നു സംഭവം. ഏപ്രില്‍ 6 ന് ബി.ജെ.പി.സ്ഥാപക ദിനത്തില്‍ സി.എം.നഗറില്‍ ഉയര്‍ത്തിയ പാര്‍ട്ടി പതാകയാണ് മോഷ്ടിച്ചു കൊണ്ടുപോയി പിലാത്തറയില്‍ മാതമംഗലം റോഡില്‍ വെച്ച് പരസ്യമായി കത്തിച്ചത്.

കൊടിയില്‍ പടക്കം പൊതിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നു. പകുതി കത്തിയ കൊടി റോഡില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ബി.ജെ.പി.മണ്ഡലം പ്രസിഡന്റിനെ വിളിച്ചറിയിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ഡി.വൈ.എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ കൊടികള്‍ തൊടാതെ വിട്ട സംഘം ബി.ജെ.പി, കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ചത് മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ബി. ജെ പി മാടായി മണ്ഡലം പ്രസിഡന്റ് റിനോയി ഫെലിക്‌സിന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് ഇരുവരും കൊടി മോഷ്ടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയും റോഡിലിട്ട് കത്തിക്കുകയും

ചെയ്യുന്നതിന്റെ സി.സി.ടി.വി.ദൃശ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഈ പ്രദേശത്തെ കോണ്‍ഗ്രസിന്റെ കൊടിയും ഇവര്‍ മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചതായി പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.