പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭ ഭരിച്ച സി.പി.എം ഒന്നും ചെയ്തില്ല-കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭയില്‍ ഭരണം നടത്തിയിട്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായ സി.പി.എം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇന്നലെ സി.പി.എം തളിപ്പറമ്പ് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ലീഗ്-കോണ്‍ഗ്രസ്-ബി.ജെ.പി ഭരണമെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു വല്‍സരാജന്‍.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒന്നിച്ച് മത്സരിച്ച് കോണ്‍ഗ്രസ്, ലീഗ് സഹായത്തോടെ സീറ്റുകള്‍ നേടിയ സി.പി.എം. ഇവിടെ നാട്ടുകാരെ പറ്റിക്കാന്‍ സമരാഭാസം നടത്തുകയാണ്.

നഗരസഭ നടപ്പിലാക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എല്ലാ പദ്ധതികളെയും ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്.

ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ജയിച്ച വാര്‍ഡുകളില്‍ സ്ടീറ്റ് ലൈററുകള്‍ കൂടുതല്‍ വന്നത് നഗരസഭ അനുവദിച്ചതല്ല, മറിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഓണറേറിയം പോലും അതിനു വേണ്ടി ചെലവാക്കിയത് കൊണ്ടാണ്.

പരാജയപ്പെട്ട സ്ടീറ്റ് ലൈറ്റിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ നടപ്പിലാക്കുന്നതിനെ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി ശക്തമായി എതിര്‍ത്തിരുന്നു.

ഈ പദ്ധതിക്ക് വേണ്ടി വാദിച്ച് നഗരസഭയെ കുഴിയില്‍ ചാടിച്ച സി.പി.എം ഇപ്പോള്‍ സമരം നടത്തി നാട്ടുകാകെ പറ്റിക്കുകയാണെന്നും വല്‍സരാജന്‍ പറഞ്ഞു.