ബി.ജെ.പി.ജാതി ചോദിക്കും-ജാതിരേഖപ്പെടുത്താന്‍ എക്‌സല്‍ ഷീറ്റില്‍ പ്രത്യേക കോളം-

കൊല്ലം: ഭാരവാഹികളെ തീരുമാനിക്കാനുള്ള നിര്‍ദ്ദേശക ഷീറ്റില്‍ ജാതി ചോദിച്ചു, ബി.ജെ.പിയില് പുതിയ വിവാദം.

ഭാരവാഹികളെ തീരുമാനിച്ച് അറിയിക്കാനായി ബി.ജെ.പി. സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്‌സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്.

പാര്‍ട്ടി ഘടകങ്ങളില്‍ ഇത് വലിയ വിവാദമായിരിക്കുകയാണ്. മുമ്പെങ്ങും ഇങ്ങനെയൊരുരീതി പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല.

പേര്, സംഘടനാ ചുമതല, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ഇമെയില്‍ വിലാസം, ജാതി, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നക്രമത്തിലാണ് എക്‌സല്‍ ഷീറ്റില്‍ വ്യക്തിവിവരം അയയ്‌ക്കേണ്ടത്.

ബി.ജെ.പി. ഔദ്യോഗികമായി പുറത്തിറക്കിയ സര്‍ക്കുലറുകളില്‍ ജാതിയുടെ കാര്യം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ ‘ജാതി സന്തുലനം’ പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബി.ജെ.പി.നേതൃത്വം വാക്കാല്‍ നല്‍കിയത്.

ഇതുമൂലം മികവുള്ള പ്രാദേശികനേതാക്കള്‍ക്ക് അവസരം നഷ്ടമായതോടെ വിവാദം പുകഞ്ഞു. മേഖലാ സംഘടനാ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരം ജാതി സന്തുലനത്തിന്റെപേരില്‍ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയര്‍ന്നു.

കൃഷ്ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശികനേതാക്കളെ ‘വെട്ടാ’നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ടായി. സംസ്ഥാനസമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു.

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ജാതി രേഖപ്പെടുത്തുന്നതെന്ന്, ചില നേതാക്കള്‍ കീഴ്ഘടകങ്ങളോടു പറഞ്ഞു.

അതേസമയം ജാതിമാത്രം മാനദണ്ഡമാകുകയും പ്രവര്‍ത്തനമികവും പരിചയവും പരിഗണിക്കാതിരിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്ന് പ്രതിഷേധമുയര്‍ത്തിയ പ്രാദേശികനേതാക്കള്‍ വാദിക്കുന്നു.

സംഘടനയുടെ ചരിത്രത്തിലിതുവരെ ജാതിനോക്കി നേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജാതിചിന്ത വളര്‍ത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.