കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ക്ക് മര്‍ദ്ദനം-ബി.ജെ.പി മാടായി മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്-

പരിയാരം: കെ.റെയില്‍ വിരുദ്ധസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കര്‍ഷകമോര്‍ച്ച നേതാവിനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മര്‍ദ്ദിച്ചു.

പരിക്കേറ്റ കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷററുടെ പരാതിയില്‍ മാടായി മണ്ഡലം ബി.ജെ.പി പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു.

കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ കണ്ടോന്താറിലെ വടക്കന്‍ വീട്ടില്‍ വി.വി.ഉണ്ണികൃഷ്ണന്റെ(52) പരാതിയിലാണ് കേസ്.

ബി.ജെ.പി.മാടായി മണ്ഡലം പ്രസിഡന്റ് റിനോയ് ഫെലിക്‌സ്, മണ്ഡലം സെക്രട്ടറി വി.വി.സുജിത്ത്, ബിജോയ് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിലാണ് കേസെടുത്തത്.

ജനുവരി 26 ന് പഴയങ്ങാടിയില്‍ നടന്ന കെ.റെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗത്തില്‍ ബി.ജെ.പി.ജില്ലാ കമ്മറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണനും പ്രഭാകരന്‍ കടന്നപ്പള്ളിയും പങ്കെടുത്തിരുന്നു.

ഇത് തന്നോട് ആലോചിക്കാതെയാണെന്നാരോപിച്ച് റിനോയ് ഫെലിക്‌സ് ഇരുവരേയും ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തുവത്രേ.

ഇതിന്റെ തുടര്‍ച്ചയായി 28 ന് രാത്രി 7.30 ന് പിലാത്തറ ചെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം വെച്ച് നാലുപേരും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഇരുമ്പ്വടികൊണ്ട് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സംഘര്‍ഷത്തിനിടയില്‍ 25,000 രൂപ നഷ്ടപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്.