ബി.ജെ.പി പ്രവര്‍ത്തകനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ചാവക്കാട്: മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി

വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയവർ സംസാരമോ തർക്കമോ ഒന്നുമില്ലാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആള് മാറി ആക്രമിച്ചതാണെന്നും പറയുന്നുണ്ട്. ദുബൈയിലായിരുന്ന ബിജു രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ചാപ്പറമ്പ് സെന്ററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് ശക്തമായ അന്വേഷണത്തിലാണ്. സംഭവ സ്ഥലത്തും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികളെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ
സി.സി.ടി.വി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനു ശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന.
മുതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ്. മാതാവ്: തങ്കമണി. ഭാര്യ: റിയ.

ബി.ജെ.പി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ അറിയിച്ചു.