മോദി ഇനിയും വന്നാല്‍ ഭരണഘടനയില്ല, തെരഞ്ഞെടുപ്പില്ല-കെ.ഇ.ഇസ്മായില്‍.

തളിപ്പറമ്പ്: 2024 ഇന്ത്യാ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും, ഇനിയൊരിക്കല്‍ കൂടി നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെ ഇല്ലാതാവുമെന്നും, പിന്നീട് തെരഞ്ഞെടുപ്പ് പോലും രാജ്യത്തുണ്ടാവില്ലെന്നും സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവും ബി.കെ.എം.യു.സംസ്ഥാന പ്രസിഡന്റുമായ കെ.ഇ.ഇസ്മായില്‍.

തളിപ്പറമ്പില്‍ കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍(ബി.കെ.എം.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ സന്തോഖ് സിങ്ങ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം മുന്നണിയല്ല, ബി.ജെ.പിക്കെതിരെ ഒറ്റ മുന്നണി എന്നതായിരിക്കണം ജനാധിപത്യ മതേതര കക്ഷികള്‍ സ്വീകരിക്കേണ്ട നയമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാര്‍ അത്ര പെട്ടെന്നൊന്നും കീഴ്‌പ്പെടുന്ന ശത്രുവല്ലെന്ന് ഇതിനകം ബോധ്യപ്പെട്ട നിലക്ക് യോജിച്ചുള്ള ചെറുത്തുനില്‍പ്പ് ആവശ്യമാണ്.

ഒരു മതം, ഒരു ഭാഷ ഒരു സംസ്‌ക്കാരമെന്ന ബി.ജെ.പിയുടെ ആശയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ.ഇ.ഇസ്മായില്‍ പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള ആനുകൂല്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും ബി.കെ.എം.യു തയ്യാറല്ല,

2 രൂപ പ്രതിമാസം അടച്ച സമയത്ത് കിട്ടിയ 25,000 രൂപ ആനുകൂല്യം 20 രൂപ അടക്കുന്ന ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

ഇത് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടുന്നത്.

എന്നാല്‍ കെ.എസ്.കെ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ അടച്ച തുകയും പലിശയും മാത്രം മതി എന്ന് സര്‍ക്കാറിനോട് സമ്മതിക്കുയാണ്.

ഈ അടിയറവിന് തങ്ങളെ കിട്ടില്ലെന്നും, തല മറന്ന് എണ്ണ തേക്കരുതെന്നാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഓര്‍മിപ്പിക്കാനുള്ളതെന്നും ഇസ്മയില്‍ പറഞ്ഞു.

സംസ്ഥാന ജന.സെക്രട്ടറി പി.കെ. കൃഷ്ണന്‍ റിപ്പോര്‍ട്ട് തരിപ്പിച്ചു.

സി.പി.മുരളി താവം ബാലക്യഷ്ണന്‍, കെ.വി.ബാബു, എ.പ്രദീപന്‍, വേലിക്കാത്ത് രാഘവന്‍, സി.വിജയന്‍, വി.വി.കണ്ണന്‍,  സി.പി.ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍, കെ.എം.സ്വപ്ന, കോമത്ത് മുരളീധരന്‍, കെ.വി.സാഗര്‍, പി.എ.ഇ സ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

പപ്പന്‍ കുഞ്ഞിമംഗലം രക്തസാക്ഷി പ്രമേയവും പി.വി.ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.നാരായണന്‍ സ്വാഗതവും സി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.വി.ബാബു രാജേന്ദ്രന്‍ പതാകയുയര്‍ത്തി.