തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്ഫോടകവസ്തുക്കളുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തും.
ഇന്നലെ രാത്രി 8.10-നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി.രാമചന്ദ്രന്റെ വീട്ടിലെ പോമറേനിയന്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായയാണ് ചത്തത്.
രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന് നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഫോടനം നടന്നു.
അവശേഷിച്ച രണ്ട് പടക്കങ്ങള്‍ ബോംബ് സ്ക്വാഡെത്തി നിര്‍വീര്യമാക്കി.
വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചത്ത നായയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് രാവിലെ നടക്കും.
പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ സംഭരിച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ന് രാവിലെ തന്നെ പോലീസും ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.