തളിപ്പറമ്പ്: നവീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചെരിഞ്ഞ ബ്രിട്ടീഷ്‌കുശിനിയുടെ പുകക്കുഴല്‍ നിലനിര്‍ത്താന്‍ ഭഗീരഥ പ്രവര്‍ത്തനവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.
ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 117 വര്‍ഷം പഴക്കമുള്ള കുശിനി(അടുക്കള)നവീകരിക്കുന്നതിനിടയിലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായ പുകക്കുഴല്‍ ചെരിഞ്ഞത്.
കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് അനുബന്ധിച്ചാണ് ഇത് നിര്‍മ്മിച്ചത്.
1903 ല്‍ ഫാം ആരംഭിക്കുന്നതിനായി മദ്രാസ് പ്രസിഡന്‍സി നിയോഗിച്ച ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ എന്ന ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞനാണ് റസ്റ്റ് ഹൗസും അതോടനുബന്ധിച്ച് കുശിനി നിര്‍മ്മിച്ചത്.
സ്റ്റോര്‍ റൂമും അടുക്കളയും ഉള്‍പ്പെട്ട രണ്ട് ചെറിയ മുറികളാണ് കുശിനി.
ഒരേ സമയം അഞ്ച് അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണിത്.
ഒരു തരി പുക പോലും അടുക്കളയിലേക്ക് വരാതെ മുകളിലെ പുകക്കുഴല്‍ വഴിയാണ് പുറത്തേക്ക് പോകുക.
ചെങ്കല്ലില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ മേല്‍പ്പുര തകര്‍ന്നുപോയെങ്കിലും ചുമരുകള്‍ക്കും പുകക്കുഴലിനും നേരത്തെ കേടുപാടുകളൊന്നുമുണ്ടായിരുന്നില്ല.
കുശിനി അതിന്റെ പഴമയും തനിമയും ചോര്‍ന്നുപോകാതെ നവീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
നിര്‍മ്മാണ ജോലികള്‍ക്കിടയിലാണ് 117 വര്‍ഷം പഴക്കമുള്ള പുകക്കുഴല്‍ ചെരിഞ്ഞത്.
അത് അതുപോലെ തന്നെ നിലനിര്‍ത്താനായി ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് ബന്ധിച്ച് നിര്‍ത്തിയിരിക്കയാണ്.
പുതിയ തലമുറയുടെ അറിവിലേക്ക് ഇത്തരം നിര്‍മ്മിതികള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് എഞ്ചിനീയറിംഗ് അല്‍ഭുതമായ പുകക്കുഴല്‍ അതേപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
നേരത്തെ റസ്റ്റ് ഹൗസിലെ കുതിരലായം നവീകരിച്ച രീതിയില്‍ നിര്‍മ്മിതി കേന്ദ്രം തന്നെയാണ് അടുക്കളയും പഴമചോരാതെ നവീകരിക്കുന്നത്.