തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍.

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍.

അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് അതീവ അപകടാവസ്ഥയിലുള്ളത്.

നേരത്തെ കെട്ടിടത്തിന്റെ എല്ലാ മുറികളിലും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

10 വര്‍ഷം മുമ്പ് കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് അവര്‍ ഒഴിഞ്ഞത്. താഴെ നിലയിലും ഒന്നാംനിലയിലും മാത്രമാണിപ്പോള്‍ വാടകക്ക് ആളുകളുള്ളത്.

നിര്‍മ്മാണസമയത്തുതന്നെ അശാസ്ത്രീയമെന്ന് പരാതിയുണ്ടായിരുന്ന കെട്ടിടത്തിന് പിന്നീട് അംഗീകാരം ലഭിക്കുകയായിരുന്നു.

അപകടാവസ്ഥയിലുള്ള കെട്ടിടം കാല്‍നടയാത്രക്കാരില്‍ ഭീതി ജനിപ്പിക്കുകയാണ്.

കെട്ടിടത്തിന്റെ പലഭാഗങ്ങളിലും സിമന്റും കോണ്‍ക്രീറ്റും അടര്‍ന്നുവീണുകൊണ്ടിരിക്കയാണ്.

കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭാ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.