പുതിയ ബസ് ഷെല്‍ട്ടര്‍ നടക്കാത്ത സ്വപ്നം–തളിപ്പറമ്പ് വികസനം 1500 കോടി കവിഞ്ഞു, പക്ഷെ, മേല്പ്പുരയായി ഫ്ലക്സ് ബോര്‍ഡ് മാത്രം.
കരിമ്പം.കെ.പി.രാജീവന്
തളിപ്പറമ്പ്: ബസ് യാത്രക്കാര്‍ നനഞ്ഞു കുതിര്‍ന്നാലും ദേശീയപാത അധികൃതര്‍ക്ക് കുലുക്കമില്ല.

തളിപ്പറമ്പ് ദേശീയപാതയോരത്ത് പയ്യന്നൂര്‍ ഭാഗത്തേക്കും ശ്രീകണ്ഠാപുരം ഭാഗത്തേക്കും പുതിയ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നഗരസഭയും ദേശീയപാത വിഭാഗവും ഇത് പരസ്പരം എതിര്‍പക്ഷത്തേക്ക് തട്ടിമാറ്റി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും തന്ത്രപൂര്‍വ്വം മാറിക്കൊണ്ടിരിക്കയാണ്.
കഴിഞ്ഞമാസം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ ഉടന്‍ തന്നെ ഷെല്‍ട്ടര്‍ പണിയുമെന്ന് നഗരസഭാ അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വീണ്ടും കാര്യങ്ങള്‍ പഴയപടി തന്നെ നീങ്ങുകയാണ്.
ഇന്ന് രാവിലെ നടന്ന വികസനസമിതി യോഗത്തില്‍ സ്ഥലം നിര്‍ണയിച്ചുതരാന്‍ ആവശ്യപ്പെട്ട് ദേശീയപാത അധികൃതര്‍ക്ക് കത്ത് നല്‍കിയതായി നഗരസഭാ അധികൃതര്‍ പറയുന്നു.
ഈ കത്ത് നല്‍കലിന് 12 വര്‍ഷത്തെ പഴക്കമുണ്ടെന്നത് തളിപ്പറമ്പിലെ നാട്ടുകാര്‍ക്കറിയാം.
2009 ല്‍ സി.കെ.പി.പത്മനാഭന് എം.എല്‍.എ ആയതുമുതല്‍ തുടങ്ങിയതാണ് ഈ കത്ത് നല്കല്.
വികസനനായകനെന്ന് അറിയപ്പെട്ട ജയിംസ്മാത്യു എം.എല്‍.എ ആയിരുന്ന 10 വര്‍ഷവും കത്ത് നല്കല് തുടര്‍ന്നുവെങ്കിലും ദേശീയപാത അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല.
ഈ ഭാഗത്ത് അരനൂറ്റാണ്ട് മുമ്പ് ആധുനിക തളിപ്പറമ്പിന്റെ പിതാവ് എന്നറിയപ്പെടുന്ന കമ്പനിസ്വാമി നിര്‍മ്മിച്ച ഒരു വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ മാത്രമാണ് നിലവിലുള്ളത്.
മേല്‍പ്പുര പൂര്‍ണമായി നശിച്ച ഈ വെയിറ്റിങ്ങ് ഷെല്‍ട്ടറില്‍ മഴനനയാതെ നില്‍ക്കാനായി നാട്ടുകാര്‍ ഇപ്പോള്‍ ഒരു പഴയ ഫളക്സ് ബോര്‍ഡ് എടുത്തുവെച്ചിരിക്കയാണ്.
ഏതായാലും ഈ മഴക്കാലത്ത് പുതിയ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ മഴയും വെയിലുമേല്‍ക്കാതെ നില്ക്കാന് ഒരു നല്ല മേല്പ്പുരയെങ്കിലും ഈ പഴയ വെയിറ്റിങ്ങ്
ഷെല്‍ട്ടറിന് മുകളില്‍ നിര്‍മ്മിക്കണമെന്ന ചെറിയ ആവശ്യം മാത്രമേ നാട്ടുകാര്‍ക്കുള്ളൂ. പക്ഷെ, ഇതൊക്കെ ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍.
