അന്ന് നാട് കൊട്ടിഘോഷിച്ചു, ഇപ്പോള്‍ വെറും വെറുതെ ഒരു ബസ്റ്റാന്റ്-

മാതമംഗലം: കേരളത്തില്‍ ഇത്തരത്തിലൊന്ന് എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാത്രം, സ്വകാര്യവ്യക്തി പണംമുടക്കി ബസ്റ്റാന്റ് നിര്‍മ്മിച്ച് പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുക.

2016 ല്‍ എല്ലാ അച്ചടി-ദൃശ്യമാധ്യമങ്ങളും വാനോളം പുകഴ്ത്തിയ ഒരു സംഭവമായിരുന്നു ഇത്.

ബസ്റ്റാന്റില്ലാതെ ബുദ്ധിമുട്ടുന്ന എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ മാതമംഗലത്ത് റോഡരികിലായിട്ടാണ് ബസ്റ്റാന്റ് പണിതത്.

2017 ജനുവരി 2 ന്‌  മുഖ്യമന്ത്രി പിണറായി വിജയനാണ് മലയോര പ്രദേശങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഇവിടെ ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്.

പക്ഷെ, ഉദ്ഘാടനം ചെയ്ത് വര്‍ഷം 6 പിന്നിട്ടിട്ടും ബസുകള്‍ കയറാതെ ആളൊഴിഞ്ഞു കിടക്കുകയാണ് ഈ വലിയ ബസ്റ്റാന്റ്.

മൂന്ന് നിലകളിലായി 200 കടമുറികളും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും പോലീസ് സഹായകേന്ദ്രവും ഒന്നരയേക്കറോളം വിസ്തൃതിയുള്ള ഈ ബസ്റ്റാന്റിനുണ്ട്.

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ചെറുപുഴ, പുളിങ്ങോം, വെള്ളോറ, പെരുമ്പടവ്, എരമം, പെരിങ്ങോം, തേര്‍ത്തല്ലി, തിമിരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നാല്‍പ്പതോളം ബസുകള്‍ മാതമംഗലം വഴിയാണ് കടന്നു പോകുന്നത്.

അതുകൊണ്ട് തന്നെ മലയോര മേഖലയിലെ ബസ് റൂട്ടുകളില്‍ പ്രധാനപ്പെട്ടൊരു സ്ഥലം കൂടിയാണ് മാതമംഗലം.

സ്ഥലപരിമിതി കൊണ്ടും ഗതാഗത കുരുക്കിലും വീര്‍പ്പുമുട്ടിയ യാത്രക്കാര്‍ക്ക് സൗകര്യത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ബസ്റ്റാന്‍ഡ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ജനങ്ങളുടെ ആവശ്യം ശക്തമായതോടെ എം.പി.ഫണ്ട് ഉപയോഗിച്ച് ബസ്റ്റാന്റ് നിര്‍മ്മിച്ചുവെങ്കിലും കയറാനും ഇറങ്ങാനും ഒരേ വഴിയായതിനാല്‍ ബസ്റ്റാന്റിന് അനുമതി ലഭിക്കാത്തതിനാല്‍ ഇത് എരമം-കുറ്റൂര്‍ പഞ്ചായത്ത് ആസ്ഥാനമാക്കി മാറ്റി.

ഈ സമയത്താണ് സ്വകാര്യവ്യക്തി തന്റെ സ്ഥലത്ത് പണംമുടക്കി ബസ്റ്റാന്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

ബസ്റ്റാന്റ് പഞ്ചായത്തിന് വിട്ടുനല്‍കുമ്പോള്‍ കടമുറികളുടെ പൂര്‍ണ അവകാശം സ്ഥലമുടമകള്‍ക്കായിരുന്നു.

എന്നാല്‍ കടമുറികള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതെ വന്നതോടെ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കാരണമാണ് കടമുറികള്‍ അടഞ്ഞുകിടക്കുന്നതെന്നാണ് വിവരം.

സപ്ലൈകോയുടെ മാവേലിസ്റ്റോറും നാല് മുറിക്കടകളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം അടഞ്ഞുകിടക്കുന്നു. സന്ധ്യമയങ്ങിയാല്‍ ശ്മശാനമൂകതയിലാണ് ബസ്റ്റാന്റും പരിസരങ്ങളും.

ഉപയോഗിക്കാതെ അടച്ചിട്ടിരുന്നതിനാല്‍ കട മുറികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

പ്രശ്നങ്ങള്‍ പരിഹരിച്ച് ബസ് സ്റ്റാന്‍ഡ് സജീവമാകുമെന്ന പ്രതീക്ഷയിലാണ് മാതമംഗലത്തെ വ്യാപാരികള്‍. ബസ് സ്റ്റാന്‍ഡ് സജീവമാകുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് യാത്ര സുഖമമാകുമെങ്കിലും അത് എന്ന് നടക്കുമെന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.