തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ് നായ്ക്കള്‍ വലയിലായി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ് നായ്ക്കള്‍ വലയിലായി.
ഇന്ന് രാവിലെ പടിയൂര്‍ എ.ബി.സി സെന്ററില്‍ നിന്നെത്തിയ പട്ടിപിടുത്തക്കാരാണ് ബസ്റ്റാന്റ് പരിസരത്തുവെച്ച് ആറ് നായ്ക്കളെ പിടികൂടിയത്.
ഇന്നലെ രാവിലെ നഗരത്തില്‍ നിന്ന് അഞ്ചുപേരെ തെരുവ്‌നായ് ആക്രമിച്ചിരുന്നു.
ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്ന് നഗരത്തിലെ നായക്കളെ പിടികൂടുമെന്ന് ഇന്നലെ നഗരസഭാ അധികൃതര്‍ ഉറപ്പുനല്‍കതിയിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് പടിയൂരില്‍ നിന്നുള്ള സംഘം തളിപ്പറമ്പിലെത്തിയത്.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ ഇവര്‍ക്ക് എല്ലാ സഹായവും നല്‍കി സ്ഥലത്തുണ്ടായിരുന്നു.
പിടികൂടിയ നയ്ക്കളെ പടിയൂരിലെ എ.ബി.സി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയ ശേഷം 5 ദിവസം കഴിഞ്ഞ് തളിപ്പറമ്പില്‍ തന്നെ തിരികെ എത്തിക്കും.
ആറ് നായ്ക്കളെ വന്ധ്യം കരണം നടത്താനുള്ള സൗകര്യം മാത്രമേ ഇവിടെ ഒരു ദിവസം ഉള്ളൂ എന്നതിനാല്‍ 16 ന് രാവിലെ വീണ്ടും എത്തി ബാക്കി നായ്ക്കളെ പിടികൂടി കൊണ്ടുപോകും.
തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പാലക്കാട്ടെ കേന്ദ്രത്തിലേക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ തളിപ്പറമ്പിലെ നായ്ക്കളെ കൊണ്ടുവിടാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ പറഞ്ഞു.
പ്രശ്‌നത്തില്‍ പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിച്ച നഗരസഭാ അധികൃതരെ നാട്ടുകാര്‍ അഭിനന്ദിച്ചു.
ഇന്നലെ നായയുടെ ആക്രമം ഉണ്ടായ ഉടന്‍തന്നെ നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായിയും പി.പി.മുഹമ്മദ്‌നിസാറും ആശുപത്രിയിലെത്തി പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നു.
