ഉന്നതന്റെ ചരടുവലികള്‍ സക്‌സസ് -പരിയാരത്തെ കാത്ത്‌ലാബ് സംഭവം ചായക്കോപ്പയിലായി.

 

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ലാവിഞ്ചോ സ്‌കോപ്പിക്ക് പിന്നാലെ കാത്ത്‌ലാബ് സംഭവത്തിലും കേസ് ഒതുക്കി പ്രതികളെ രക്ഷിക്കാന്‍ നീക്കം സജീവമായി.

കാത്ത്‌ലാബ് നശിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീനിയര്‍ ഫിസിക്‌സ് സയന്റിഫിക് ഓഫീസര്‍ റിനി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയത് മെയ് ആറിനാണ്.

ഇന്നേക്ക് 11 ദിവസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് നീങ്ങുകയുള്ളൂെവന്നാണ് പോലീസ് പറയുന്നത്.

exclusive stamp. exclusive round grunge sign. label

രണ്ട് മണിക്കൂറോളം സമയം കാത്ത്‌ലാബ് പരിശോധിക്കുകയും വിവിധ ആംഗിളില്‍ ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്ത വിദഗ്ദ്ധ സംഘം കാത്ത്‌ലാബിന് കേടുപാടുകള്‍ സംഭവിച്ചത് ബാഹ്യസമ്മര്‍ദ്ദം കാരണമാണോ എന്നാണ് പരിശോധിച്ചത്.

ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. ജീവനക്കാരുടെ മൊഴിയെടുക്കലും ചോദ്യംചെയ്യലും ഇതിനകം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം ഐ.പി കെ.വി.ബാബു പറഞ്ഞു.

കോളേജ് അധികൃതരില്‍ നിന്നും കാര്‍ഡിയോളജി വകുപ്പ് മേധാവിയില്‍ നിന്നും സയന്റിഫിക് ഓഫീസര്‍ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് നല്‍കാന്‍ ഇത്രയും സമയമെടുക്കുന്നത് ദുരൂഹമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

നേരത്തെ 7 ലക്ഷം രൂപ വിലമതിക്കുന്ന ലാവിഞ്ചോസ്‌കോപ്പി എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് മോഷ്ടിക്കപ്പെടുകയും പോലീസ് അന്വേഷണത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഈ കേസ് അന്വേഷിക്കാന്‍ ഡി.വൈ.എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും അന്വേഷണം നിലക്കുകയായിരുന്നു.

വലിയ പുള്ളി പിടിയിലാവുമെന്ന് വന്നപ്പോഴാണ് അന്വേഷണം നിലച്ചത്. കാത്ത്‌ലാബ് തകര്‍ത്ത കേസിലും സമാനമായ രീതിയില്‍ അന്വേഷണം മരവിപ്പിക്കാനാണത്രേ നീക്കം.

കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ചില ഉന്നത ബന്ധങ്ങളുപയോഗിച്ച് നടത്തിയ ചരടുവലികള്‍ ഫലിച്ചു എന്നാണ് ആശുപത്രിയിലെ അണിയറ സംസാരം.