പൂച്ചകള്‍ അപ്രത്യക്ഷമാകുന്നു-മ്യാവൂശബ്ദം കേള്‍ക്കാതായി-

 

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: നഗരപ്രദേശങ്ങളില്‍ പൂച്ചകളുടെ എണ്ണത്തില്‍ വന്‍കുറവ്. മനുഷ്യരുമായി ഏറ്റവുമടുത്ത് ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാംനിരയിലുള്ള പൂച്ചകളെ ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ കാണാനില്ലാത്ത സ്ഥിതിയാണ്.

മുന്‍കാലങ്ങളില്‍ എലികളെ പ്രതിരോധിക്കാനായി വളര്‍ത്തുന്ന ഒരു അരുമയായ മൃഗമായിരുന്നു പൂച്ച.

ഇപ്പോള്‍ നിരവധി ആധുനിക എലിനിവാരണ മാര്‍ഗങ്ങള്‍ വന്നതോടെ നാടന്‍പൂച്ചകള്‍ വീടുകള്‍ക്ക് പുറത്തായി.

തെരുവുകളില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് പൂച്ചകളില്‍ ഭൂരിഭാഗവും പാര്‍വോ വൈറസ് ബാധിച്ച് ചത്തൊടുങ്ങുകയും ചെയ്തിരിക്കയാണ്.

മല്‍സ്യമാര്‍ക്കറ്റുകളിലും മല്‍സ്യം വില്‍ക്കുന്ന മറ്റ് സ്ഥലങ്ങളിലും ഇപ്പോള്‍ പൂച്ചകളെ കാണാനോ അവയുടെ മ്യാവു ശബ്ദം കോള്‍ക്കാനോ കഴിയാതെ വന്നിരിക്കുന്നു.

പഴയതുപോലെ തെരുവുകളില്‍ ഭക്ഷണം ലഭിക്കാത്തത് പൂച്ചകളേയും പട്ടികളേയും ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം മനുഷ്യന് കോവിഡ് ബാധിച്ചതുപോലെ പട്ടികള്‍ക്ക് കനേന്‍ ഡിസ്റ്റംബര്‍ വൈറസും പൂച്ചകള്‍ക്ക്‌  പാര്‍വോ വൈറസും ബാധിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

കോവിഡ് കാലത്തെ ലോക്ഡൗണ്‍ തെരുവ് പട്ടികളെയും പൂച്ചകളേയുമാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് പറയാം.

ഒരുകാലത്ത് ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ക്കായി കടിപിടികൂടിയിരുന്ന നായ്ക്കളും പൂച്ചകളും ഇന്ന് കാണാക്കാഴ്ച്ചകളാണ്.

മിക്കഹോട്ടലുകളും ഇലകള്‍ ഒഴിവാക്കിയതും ഭക്ഷ്യാവശിഷ്ടങ്ങള്‍ പന്നിഫാമുകളിലേക്ക് പോവുകയും ചെയ്തതോടെ ഇവ പട്ടിണിയിലായിരിക്കയാണ്.

അതോടൊപ്പമാണ് വൈറസ് രോഗങ്ങളും ബാധിക്കപ്പെട്ടത്. ഇത്തരം മൃഗങ്ങളുടെ വംശനാശം നമ്മുടെ പരിസ്ഥിതിയെതന്നെ അപകടകരമായി ബാധിക്കുന്ന വലിയ വിപത്തിലേക്കാണ് ലോകത്തെ കൊണ്ടുപോകുന്നതെന്ന് മൃഗക്ഷേമ പ്രവര്‍ത്തകനും എഴുത്തുകാരനും റിട്ട.വെറ്റിനറി സര്‍ജനുമായ ഡോ.പി.വി.മോഹനന്‍ പറയുന്നു.

പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിലൂടെ മാത്രമേ വൈറസ് രോഗങ്ങളുടെ പിടിയില്‍നിന്ന് പൂച്ചകളേയും പട്ടികളേയും രക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ ഇറക്കുമതി പൂച്ചകള്‍ ഇടംപിടിച്ചതോടെ നാട്ടുപൂച്ചകള്‍ അവിടെനിന്നും പുറത്തായ നാട്ടുപൂച്ചകളെ വാക്‌സിന്‍ നല്‍കി സംരക്ഷിക്കേണ്ടത മൃഗസംരക്ഷണ വകുപ്പ് തന്നെ ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് തളിപ്പറമ്പിലെ മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നത്തെനിലയില്‍ പോയാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നാടന്‍പട്ടികള്‍ക്കും പൂച്ചകള്‍ക്കും ദിനോസറുകള്‍ക്ക് സംഭവിച്ച അവസ്ഥ വന്നുചേരുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.