തളിപ്പറമ്പ്:ദേശാഭിമാനിക്ക് മുറി സൗജന്യമായി കൊടുത്തുകൂടേയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍.
പരിഹാസമായിട്ടാണ് അദ്ദേഹം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചത്.
തളിപ്പറമ്പ് നഗരസഭ ദേശാഭിമാനിക്ക് ചതുരശ്രയടിക്ക് വെറും അഞ്ച് രൂപ മാത്രം ഈടാക്കി വാടകക്ക് മുറി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് കൂടിയായ കെ.വല്‍സരാജന്‍.
ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും പുളിമ്പറമ്പ് വ്യവസായ എസ്റ്റേറ്റിലേയും മുറികളുടെ വാടകയില്‍ വര്‍ദ്ധനവ് വരുത്തുന്നത് സംബന്ധിച്ച അജണ്ടയുടെ ചര്‍ച്ചക്കിടയിലായിരുന്നു ബി.ജെ.പി കൗണ്‍സിലറുടെ ചോദ്യം.
കച്ചവടാവശ്യത്തിന് എന്ന പേരില്‍ നല്‍കിയ മുറിക്കാണ് പ്രതിമാസം നാമമാത്രമായ 598 രൂപ ദേശാഭിമാനി പത്രത്തില്‍ നിന്നും നഗരസഭ ഈടാക്കുന്നത്.
അതേ അവസരത്തില്‍ കെല്‍ട്രോണ്‍ ഉള്‍പ്പെടെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നത്.
വാടക കൂടുതലായതിനാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന കെല്‍ട്രോണ്‍ പരിശീലനകേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി വാടക വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍ അറിയിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാടക മുറികളില്‍ ഏറ്റവും കുറവ് വാടകയാണ് നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ബ്ലൂറോയില്‍ നിന്ന് ഈടാക്കുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സൗജന്യമായി നല്‍കുന്നതല്ലേ നല്ലത് എന്ന് ബി.ജെ.പി കൗണ്‍സിലറുടെ ചോദ്യം ഉയര്‍ന്നത്.
ഓഡിറ്റ് ഒബ്ജക്ഷന്‍ വരും എന്നതുകൊണ്ട് മാത്രമാണ് നാമമാത്രമായ വാടക ഈടാക്കുന്നതെന്ന് സൂപ്രണ്ട് വിശദീകരണം നല്‍കുകയും ചെയ്തു.
22 മുതല്‍ 30 വരെ രൂപയാണ് മറ്റുള്ളവരില്‍ നിന്ന് നഗരസഭാ അധികൃതര്‍ ചതുരശ്രയടിക്ക് വാടകവാങ്ങുന്നത്.
പ്രതിവര്‍ഷം 10 ശതമാനമാണ് നഗരസഭ വാടക വര്‍ദ്ധിപ്പിക്കുന്നത്.
ഭീമമായ വാടക താങ്ങാനാവാതെ പലരും എടുത്ത മുറികള്‍ ഉപേക്ഷിക്കുന്നുമുണ്ട്.