മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു.

കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ ഫല്‍ഗുനന്റെ പേരിലാണ് കേസ്.

മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.സിനിയുടെ പരാതിയിലാണ് കേസ്.

മെഡിക്കല്‍ ഓഫീസര്‍ അറിയാതെ ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍ പതിപ്പിച്ച് അസലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ പട്ടികജാതി വികസന കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷം രൂപ ലോണ്‍ എടുക്കുകയായിരുന്നു.

ശമ്പള റിക്കവറി നോട്ടീസിലും ഡോ.സിനിയുടെ ഒപ്പ് വ്യാജമായി പതിക്കുകയായിരുന്നു.

പോസ്റ്റ് ഓഫീസില്‍ വന്ന ഇന്റിമേഷനിലും പ്രതി വ്യാജ ഒപ്പിട്ട് മെഡിക്കല്‍ ഓഫീസറേയും പി.എച്ച്.സിയേയും വഞ്ചിച്ചു എന്നാണ് കേസ്.