ഇത്രമാത്രം അപമാനിക്കപ്പെടാന്‍ ചെറുശ്ശേരി തളിപ്പറമ്പുകാരോട് എന്തുതെറ്റ് ചെയ്തു-?

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: കൃഷ്ണഗാഥ രചിച്ചതിന് ചെറുശേരിയെ ഇങ്ങനെ അപമാനിതനാക്കണോ-

തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ചെറുശേരി സര്‍ഗ്ഗാലയ എന്ന ആംഫി തിയേറ്റര്‍ ഈ ചോദ്യം തളിപ്പറമ്പുകാരോട് ചോദിച്ചുകൊണ്ടിരിക്കയാണ്.

നേരത്തെ നോര്‍ത്ത് എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥലത്തിന് 30 സെന്റ് വിസ്തീര്‍ണമുണ്ട്.

ഇവിടെ തളിപ്പറമ്പിലെ ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

2020 മാര്‍ച്ച് 7 ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ഇതിന് തറക്കല്ലിടുകയും ചെയ്തു.

എന്നാല്‍ അന്നത്തെ എം.എല്‍.എ ജയിംസ്മാത്യു ഇവിടെ അംഫി തിയേറ്റര്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശമാണ് പിന്നീട് മുന്നോട്ടുവെച്ചത്.

അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംഫി തിയേറ്ററിനുള്ള തുക അനുവദിച്ചത്.

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ഇതിന്റെ നിര്‍മ്മാണം നടന്നത്.

പൊതുപരിപാടികള്‍ അവതരിപ്പിക്കാന്‍ വേദികളില്ലാത്ത തളിപ്പറമ്പില്‍ അതിന് പരിഹാരമെന്ന നിലക്കാണ് വിശാലമായ സ്റ്റേജും രണ്ട് വിശ്രമമുറികളും അടങ്ങിയ തിയേറ്റര്‍ നിര്‍മ്മിച്ചത്.

2021 ഫെബ്രുവരി 23 ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് തന്നെയാണ് 87 ലക്ഷം രൂപ ചെലവിട്ട ചെറുശേരി സര്‍ഗ്ഗാലയ എന്ന് പേരിട്ട ആംഫി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്.

ചെറുശേരിക്ക് വേറെ സ്മാരകങ്ങളില്ലാത്തതിനാല്‍ ഇത് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് 15 മാസം പിന്നിട്ടിട്ടും ഒരാളുപോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.

കാടുകയറിക്കിടക്കുന്ന അവസ്ഥയിലായ ഇവിടെ ചുറ്റുമതിലും ഇരിപ്പിടങ്ങളും ലൈറ്റുകളും ഒക്കെ ഒരുക്കുന്നതിന് കൂടുതല്‍ തുക

അവശ്യമാണെങ്കിലും ഈ സമുച്ചയം ഗുണപരമായി ഉപയോഗപ്പെടുത്താന്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിനാല്‍ അനാഥാവസ്ഥയിലാണ്.

മന്ത്രിയും തളിപ്പറമ്പ് എം.എല്‍.എയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇവിടെ സന്ദര്‍ശനം നടത്തി ഗുണപരമായി ഉപയോഗപ്പെടുത്താന്‍ നടപടികള്‍ ആവിഷ്‌ക്കരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

പക്ഷെ, തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ 1110 കോടി രൂപയുടെ വിവിധ വികസന പ്രവൃത്തികളുടെ ഭാഗമായി മെയ് 16 ന് നടക്കുന്ന

തളിപ്പറമ്പ് മണ്ഡലം വികസന സെമിനാറിന്റെ ചര്‍ച്ചകളില്‍പോലും ചെറുശേരി സര്‍ഗ്ഗാലയ പരാമര്‍ശിക്കപ്പെടുന്നില്ല.

പൊതുവിദ്യാഭ്യാസ വകുപ്പിനാകട്ടെ ഇതിന്റെ വികസന കാര്യങ്ങളില്‍ താല്‍പര്യവുമില്ല.