ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ ആരംഭിക്കും.
പിലാത്തറ: ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാര്‍ഷികസഭയും മഹാവേദഭജനവും നാളെ 25 മുതല്‍ 29 വരെ ചെറുതാഴം കണ്ണിശ്ശേരികാവില്‍ നടക്കും.
ഋക്, യജുസ്, സാമം എന്നീ മൂന്ന് വേദങ്ങളുടെയും മുറജപത്തോടൊപ്പം ആദ്ധ്യാത്മിക-സാംസ്‌കാരിക വിദ്വത്സദസ്സുകളും ക്ഷേത്രകലകളുടെ അവതരണങ്ങളും ഉണ്ടായിരിക്കും.
ശ്രീശങ്കര പരമ്പരയിലെ സ്വാമിയാര്‍മാരും വൈദികശ്രേഷ്ഠരും വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികളും വാര്‍ഷിക-വേദഭജന വേദിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യജുര്‍വ്വേദ മുറഹോമം, സുകൃതഹോമം, പുരുഷസൂക്തഹോമം തുടങ്ങിയ വിശേഷാല്‍ ഹോമങ്ങളും ഗോപൂജ, സര്‍പ്പബലി, ശ്രീചക്രപൂജ, ശ്രീരാമപൂജ, പരശുരാമപൂജ, ഭുവനേശ്വരിപൂജ തുടങ്ങിയ വിശേഷാല്‍ പൂജകളും പുരാണപാരായണങ്ങള്‍, നാമസങ്കീര്‍ത്തനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
വാരമിരിക്കല്‍, അശ്വമേധനമസ്‌കാരം, അരുണനമസ്‌കാരം എന്നീ വൈദിക ഉപാസനകള്‍ക്കും കണ്ണിശ്ശേരികാവ് വേദിയാവും.
പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി, കവപ്ര മാറത്ത് നാരായണന്‍ നമ്പൂതിരി, തോട്ടം ശിവകരന്‍ നമ്പൂതിരി, നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങി രാഘവപുരം വാദ്ധ്യാന്മാരുള്‍പ്പെടെ കേരളത്തിന്റെ വിവിധ വൈദികഗ്രാമങ്ങളില്‍ നിന്നുള്ള 36 പുരോഹിതരും തന്ത്രിമാരും കാര്‍മ്മികരാകും.
ഡിസംബര്‍ 29 ന് വേദസമര്‍പ്പണവും 108 വൈദികബ്രാഹ്മണര്‍ പങ്കെടുക്കുന്ന ലക്ഷാര്‍ച്ചനയും കലശാഭിഷേകവും ഉണ്ടായിരിക്കും.
ഡിസംബര്‍ 25 ന് രാവിലെ നടക്കുന്ന ദേവസ്വം സമ്മേളനം അഖിലകേരള ക്ഷേത്രദേവസ്വം ഊരാളസഭ പ്രസിഡന്റ് കുഞ്ഞിമാധവന്‍ കനകത്തിടത്തിന്റെ അദ്ധ്യക്ഷതയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ദേവസ്വം ഭൂമിയും വര്‍ഷാശനവും എന്ന വിഷയത്തില്‍ എം. ഹര്‍ഷന്‍ (മുന്‍ ദേവസ്വം കമ്മീഷണര്‍-തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ്), കേരള ഭൂപരിഷ്‌കരണവും എച്ച് ആര്‍ & സി ഇ ആക്ടും എന്ന വിഷയത്തില്‍ രവിലോചനന്‍ അയ്യങ്കാര്‍ (ട്രസ്റ്റി-ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ്), റവന്യൂ റിസര്‍വേകളും ദേവസ്വം ഭൂമിയും എന്ന വിഷയത്തില്‍ ടി. ജെ. ഉണ്ണികൃഷ്ണന്‍ (റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി-ദേവസ്വം റവന്യൂ) എന്നിവര്‍ സംസാരിക്കും.
കേരള ബ്രാഹ്മണസഭ പ്രസിഡന്റ് എച്ച്. ഗണേഷ്, കെ.സി.മാനവര്‍മ്മരാജ (കിനാവൂര്‍ കോവിലകം, നീലേശ്വരം) എന്നിവര്‍ പ്രസംഗിക്കും.
ടി.വി.മാധവന്‍ നമ്പൂതിരി, ഡോ.ഒ.സി.കൃഷ്ണന്‍ നമ്പൂതിരി, ഹരി പേര്‍ക്കുണ്ഡി വാദ്ധ്യാന്‍, കാനപ്രം ശങ്കരന്‍ നമ്പൂതിരി, പ്രോഗ്രാം കമ്മിറ്റി ജഗദീഷ് ശ്രീധര്‍, ഉണ്ണികൃഷ്ണന്‍ ചെറുകുടല്‍ എന്നിവര്‍ പങ്കെടുത്തു.