സമാനതകളില്ലാത്ത ബഹുമതി മുദ്രകള്‍ നേടി ചെറുതാഴം ബേങ്ക്-നാടിന്റെ അഭിമാനം.
പിലാത്തറ: കേരള ബേങ്ക് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021-2022 വര്‍ഷം) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു.
സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമാണ് ബാങ്കിന് ലഭിച്ചതെന്ന് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്ന് ബേങ്ക് പ്രസിഡണ്ട് സി.എം.വേണുഗോപാലന്‍, സെക്രട്ടറി കെ.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് തുകയും പ്രശസ്തി പത്രവും എറ്റുവാങ്ങി.
വിവിധ മേഖലയില്‍ ബേങ്ക് നടത്തിവരുന്ന ഡയാലിസിസ് സെന്റര്‍, ആംബുലന്‍സ്, മൊബൈല്‍ ബോഡി ഫ്രീസര്‍, ചികിത്സാ സഹായം തുടങ്ങിയവയും ചെറുതാഴം പഞ്ചായത്തിനെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളും ബേങ്കിങ്ങ് മേഖലക്ക് പുറമെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ട്രേഡിങ്ങ് പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ബേങ്കിന് അവാര്‍ഡ് ലഭിച്ചത്.
കേരള ബേങ്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ അവാര്‍ഡ് നല്‍കി തുടങ്ങിയത്. ഈ രണ്ട് വര്‍ഷവും ചെറുതാഴം ബേങ്കിനെയാണ് ജില്ലയില്‍ ഒന്നാമതായി തിരഞ്ഞെടുത്തത്.
പിലാത്തറയില്‍ ബേങ്കിന്റെ കൈവശമുളള സ്ഥലത്ത് നാല് നിലകെട്ടിടം പണിത് ട്രേഡ് സെന്റര്‍, പിലാത്തറ യു.പി.സ്‌ക്കൂളിന് സമീപമുള്ള സ്ഥലത്ത് അഗ്രിമാര്‍ക്കറ്റ് എന്നിവ ഉദ്ഘാടനത്തിന് ഒരുങ്ങിവരികയാണ്.
വൈസ് പ്രസിഡണ്ട് വി.വി.ഗോവിന്ദന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.ദാമോദരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.പ്രദീപന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.